ന്യൂഡൽഹി:
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ ആകെ 61.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കണക്കിൽപ്പെടാത്ത പണം പിടികൂടിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന പ്രശ്നങ്ങളുള്ള ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു മാറ്റിയിരുന്നു.
11 സംസ്ഥാനങ്ങളിലും, പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.
ഇന്ന് മൂന്ന് സീറ്റുുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. റായ്ഗഞ്ചിലെ സ്ഥാനാർത്ഥിയും സി.പി.എം പി.ബി അംഗവുമായ മൊഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനെതിരെ ഒരു സംഘം വെടിയുതിർത്തു. തൃണമൂൽ കോൺഗ്രസാണ് അക്രമത്തിനു പിന്നിലെന്ന് സലീമും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചു.വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സി.പി.എമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പശ്ചിമ ബംഗാളിൽ ഒഴികെ എല്ലായിടത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.