Sat. Apr 27th, 2024
#ദിനസരികള്‍ 730

മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ്
മോണകാട്ടി ചിരിച്ചൊരാള്‍
ചമ്രം പടിഞ്ഞിരിക്കുന്ന
പടം നീ കണ്ടതല്ലയോ?

അതാണ് ഗാന്ധിയപ്പൂപ്പന്‍

ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത് ഈ വരികളിലാണ്. കുട്ടിക്കാലത്ത് മടിയിലിരുത്തി രണ്ടും കൈകൊണ്ടും താളംപിടിപ്പിച്ച് അമ്മമ്മ പാടിത്തന്ന വരികള്‍.

സ്നേഹസമ്പന്നനും കരുണമായനുമായ ഒരുവനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? ഗാന്ധിയെ അത്തരത്തിലുള്ള ഒരാളായിട്ടാണ് അമ്മമ്മ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ കൂടുതലൊന്നും അറിഞ്ഞില്ലെങ്കിലും പിതൃസ്ഥാനീയനായ ഒരുവനായി ചെറുപ്പത്തില്‍ത്തന്നെ ഗാന്ധി എന്റെ മനസ്സില്‍ കയറിക്കൂടി.

ഗാന്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ വരികളും അവയോടൊപ്പം എന്നിലേക്കെത്തിയ വെറ്റില മണവും ഇന്നും മറക്കാനാകാത്ത അനുഭൂതികളായി നിലകൊള്ളുന്നു.

പിന്നീട് ഗാന്ധിയെക്കുറിച്ച് കൂടുതലറിഞ്ഞു. അദ്ദേഹത്തിന്റെ പിടിവാശികളെക്കുറിച്ച് , അദ്ദേഹം നടപ്പില്‍ വരുത്തിയ അഹിംസമാര്‍ഗ്ഗത്തിലുള്ള സമരങ്ങളെക്കുറിച്ച്. ഗാന്ധിയുടെ അഹിംസയിലെ ഹിംസയെക്കുറിച്ച് വിശദമായി ഒരു പഠനം തന്നെ നടത്തണമെന്ന് കരുതുന്നു. കാരണം അഹിംസയെ അദ്ദേഹം ശരിക്കുമൊരു ആയുധമായിത്തന്നെയാണ് ഉപയോഗിച്ചത്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും അടിച്ചേല്പിക്കാനുള്ള ഒരായുധം.

മുറിപ്പെടുകയോ ചോരയൊലിക്കുകയോ ചെയ്യുകയില്ലെന്നേയുള്ളു. എതിരാളികളെ അടിപടലേ കടപുഴക്കിയെറിയുവാന്‍ അഹിംസയെ അദ്ദേഹം വളരെ സമര്‍ത്ഥമായി ഹിംസാത്മകമായി ഉപയോഗിച്ചു. അത് മറ്റൊരു വിഷയമാണ്.

നമുക്ക് സ്വതാന്ത്ര്യം നേടിത്തരാന് നടത്തിയ നീക്കങ്ങളെക്കുറിച്ച്, വിഭജനത്തിന്റെ മുറിവുകളുണക്കാന്‍ നടത്തിയ യാതനകളെക്കുറിച്ച്, അവസാനം ഒരു മതഭ്രാന്തന്റെ വെടിയുണ്ടകള്‍ എല്ലിന്‍കൂട് പൊളിച്ചു തുളഞ്ഞു പാഞ്ഞുപോയതിനെക്കുറിച്ച് ഒക്കെ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് വായിക്കാനും അറിയാനുമായി.

ഗാന്ധിയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പോകെപ്പോകെ ഏറെ വര്‍ദ്ധിച്ചു. ഗാന്ധി എന്ന പേരുതന്നെ എതിര്‍ക്കാനുള്ള ഒരു കാരണമായി. ജാതീയതയേയും വര്‍ണവ്യവസ്ഥയേയും എതിര്‍ക്കാതിരുന്ന ഗാന്ധിയില്‍ ഒരു മാതൃകയെ പണിതെടുക്കുവാന്‍ ഞാന്‍ വിസമ്മതിച്ചു. ഗാന്ധി എന്നില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകലേക്ക് നീങ്ങുകയായിരുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ സൈനീകമായ പരിവേഷങ്ങളെക്കാള്‍ എനിക്ക് ഏറെയിഷ്ടം ഗാന്ധിയെ നേരിട്ട് ഏറ്റുമുട്ടി തോല്പിച്ചയാള്‍ എന്ന നിലയ്ക്കാണ്എ.  ഐ.സി.സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗാന്ധി നിര്‍‌ദ്ദേശിച്ചത് പട്ടാഭി സീതാരാമയ്യയെയായിരുന്നുവല്ലോ. ഇത് എന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് ഗാന്ധി പറയുകയും ചെയ്തിരുന്നു. ആ പട്ടാഭിയെ സുഭാഷ് തോല്പിക്കുകയും എ.ഐ.സിസിയുടെ പ്രസിഡന്റാകുകയും ചെയ്തു. അതു വഴി ഗാന്ധി തന്നെയാണല്ലോ തോല്പിക്കപ്പെട്ടത്. ബ്രിട്ടീഷ് രാജിനെതിരെയുള്ള സമരസന്നാഹങ്ങളെക്കാള്‍ സുഭാഷ് ആ വഴക്കായിരുന്നു എനിക്ക് ധീരനായത്.

നിറങ്ങള്‍ പക്ഷേ എല്ലായ്പ്പോഴും ഗാന്ധിയെ ചൂഴ്ന്നാണ് നിലകൊണ്ടത്. തന്ത്രശാലിയായ ഒരു നേതാവായി ഗാന്ധി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകത്വം കൈയ്യാളി. അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ രാജ്യം സഞ്ചരിച്ചു. വിഘാതമുണ്ടാകുന്ന വേളകളില്‍ അഹിംസാത്മകമായ സത്യാഗ്രഹത്തെ അതിശക്തമായ ആയുധമായി പുറത്തെടുത്തു. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പുപോലും നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കന്മാരെ വരുതിക്കു നിറുത്താനും തന്റെ ഇഷ്ടങ്ങളെ അവരെക്കൊണ്ട് അംഗീകരിപ്പിക്കാനും ഗാന്ധിക്ക് കഴിഞ്ഞിരുന്നു.

ഗാന്ധിയോടുള്ള വിപ്രതിപത്തികള്‍ ധാരാളമുണ്ട്. എന്നാല്‍ അതൊന്നും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ എന്ന് ഞാന്‍ കരുതുന്നില്ല. ഗാന്ധിയിലെ പ്രതിലോമകരങ്ങളായ എല്ലാ ആശയങ്ങളേയും മാറ്റിനിറുത്തിക്കൊണ്ട് രാജ്യത്തെ നയിക്കുന്ന ചാലകശക്തിയായി ഗാന്ധി ഒരിക്കല്‍ കൂടി വരണമെന്ന് ഞാനാഗ്രഹിക്കുന്നു.

കാരണങ്ങള്‍ പലതാണ്.

രാജ്യം നാളിതുവരെ പുലര്‍ത്തിപ്പോന്ന മൂല്യങ്ങളെല്ലാം കുഴമറിഞ്ഞിരിക്കുന്നു. നീണ്ടകാലത്തെ സമരത്തിലൂടെ നാം നേടിയെടുത്ത ജനാധിപത്യാവകാശങ്ങള്‍ തള്ളിമാറ്റപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ കുത്സിതവും സങ്കുചിതവുമായ താല്പര്യങ്ങള്‍ക്കു വേണ്ടി അട്ടിമറിക്കപ്പെടുന്നു. ഗാന്ധി പുലര്‍ത്തിപ്പോന്ന മതബോധത്തിനും പിടിവാശിക്കും അപ്പുറം എത്രയോ ഇരട്ടി അസഹിഷ്ണുത ഇതര മതങ്ങളോടും ആശയങ്ങളോടും നമ്മുടെ ഭരണകര്‍ത്താക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നു.

ഒരിക്കല്‍ ശ്രീനാരായണന്‍ ഒരു ചോദ്യത്തിന് ഉത്തരമായി ഗാന്ധിയോട് അദ്ദേഹം വീണ്ടും ജനിച്ച് ഒരു തവണ കൂടി വന്നാലേ നമ്മുടെ നാട്ടിലെ കുഴപ്പങ്ങളെ കൃത്യമായും പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞിരുന്നു.

നാരായണഗുരുവിന്റെ കാലത്തെക്കാള്‍ എത്രയോ അധികം കുഴപ്പത്തിലാണ് നമ്മുടെ സമൂഹം എന്ന് നോക്കുക. ഗാന്ധി ജന്മങ്ങള്‍ അനുസ്യുതമായി ആവര്‍ത്തിക്കെപ്പെട്ടാലും മോചിപ്പിക്കപ്പെടുകയെന്നത് തുലോം ദുഷ്കരമായ ഇക്കാലത്ത് ഗാന്ധിസ്മൃതികളില്‍ നിന്ന് എന്തെങ്കിലും ബലങ്ങള്‍ കിട്ടുമെങ്കില്‍ നാം അതൊരു ആയുധമായി ഉപയോഗിക്കുകതന്നെ വേണം. ഗാന്ധി നല്കുന്ന ആയുധം എന്ന പ്രയോഗത്തിലെ തീവ്രമായ ഇരുണ്ട ഹാസ്യത്തിന്റെ കണിശത നാം മനസ്സിലാക്കുക.

ഹാ! വടുക്കെട്ടിച്ചുളിഞ്ഞത്രമേല്‍ വികൃതമീ
മേദിനിയുടെ മുഖച്ഛായ മാറ്റിടും വണ്ണം
എന്നില്‍ നീയൊരുഗ്ര വിസ്ഫോടമായിപ്പിറന്നാലും
എന്നില്‍ നീയൊരു കല്പമേഘമായ് വര്‍ഷിച്ചാലും
അംബരാന്തത്തില്‍ച്ചെന്നു മുട്ടിനില്ക്കുമീപ്പാത
യിങ്കല്‍ മാര്‍ഗദീപമായ് നീയവതരിച്ചാലും

എന്ന് എനിക്കുവേണ്ടി കവി വിഷ്ണനാരായണന്‍ നമ്പൂതിരി.

 

Editors Note: #ദിനസരികള്‍ മനോജ് എഴുതുവാൻ തുടങ്ങിയിട്ട് ഇന്ന് രണ്ട് കൊല്ലമാവുകയാണ്. അദ്ദേഹത്തിനു വോക്ക് മലയാളത്തിൻ്റെ വക എല്ലാ ഭാവുകങ്ങളും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *