ന്യൂഡൽഹി:
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചതായി കോൺഗ്രസ് ആരോപണം. ഇതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പുറത്തുവിട്ടു.വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്‌രേക്കർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.എന്നാൽ ദേശീയ മാധ്യമങ്ങൾ വാർത്ത സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും വിട്ടു നിന്ന് ബി.ജെ.പിയെ സഹായിക്കുന്നതായി സൂചനകൾ ഉണ്ട്
രാഹുൽ രതരേകർ എന്ന ഉദ്യോഗസ്ഥനാണ് വീഡിയോയിലുള്ളത്.”‘ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരിസുകൾ വ്യാജമായി അച്ചടിച്ചു. വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ട് ഡൽഹി അതിർത്തിയിലെ വ്യോമസേനാ വിമാനങ്ങളിൽ ഹിന്ദോൻ വ്യോമസേനാ താവളത്തിൽ എത്തിച്ചു. കറൻസി മാറ്റി നൽകലിനുള്ള എല്ലാ സംവിധാനവും ഒരുക്കിയത് അമിത് ഷായാണ്. പല വകുപ്പുകളിൽ നിന്നായി 26 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. ആർ.ബി.ഐ യുമായി പ്രവർത്തനങ്ങൾ ഏകോപിക്കുകയായിരുന്നു മുഖ്യലക്ഷ്യം. റിസർവ്വ് ബാങ്കിൽ തുടർച്ചയായി നോട്ട് മാറ്റി നൽകുന്നത് കാണിക്കാൻ റിലയൻസ് ജിയോ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തു. ഊർജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറൻസികൾ ആറ് മാസം മുൻപേ പ്രിന്റ് ചെയ്തിരുന്നു.” ഇതായിരുന്നു ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ റോ പ്രതിനിധിയായ രാഹുൽ രത്തരേക്കറിന്റെ വാക്കുകൾ.
വാർത്താസംപ്രേഷണം ടെലികാസ്റ്റ് ചെയ്ത എൻ.ഡി.ടി.വി ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങിയതോടെ വാർത്ത മുക്കി. മോദി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളോട് മാധ്യമങ്ങൾ അകലം പാലിക്കുന്നതിനെ വാർത്താസമ്മേളനത്തിൽ കപിൽ സിബൽ വിമർശിക്കുന്നുമുണ്ട്.’നിങ്ങളുടെ മുതലാളിമാർ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങളുടെ ടി.വി ഇത് കാണിക്കുമെന്ന്. പക്ഷേ അവർ ചെയ്യില്ല.’രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം എന്ന കോൺഗ്രസ് ആരോപണത്തിന് ബലം നൽകുന്ന ദൃശ്യങ്ങളാണ് കപിൽ സിബൽ പുറത്തുവിട്ടത്.