തിരുവനന്തപുരം:
കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണം. ഏപ്രില്‍ 30-നകം നടപടി പൂര്‍ത്തീകരിക്കണമെന്നും കോടതി അറിയിച്ചു. 2455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുണ്ട്. ഇവര്‍ക്ക് അഡ്‌വൈസ് മെമ്മോ അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പി.എസ്.സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2012 ഓഗസ്റ്റ് 23-നു നിലവില്‍ വന്ന പി.എസ്.സി. പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍. റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ.ആർ.ടി.സി. റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2,455 ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി 2015 ജൂണ്‍ 30 ന് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതിനിടെ ലിസ്റ്റിന്റെ കാലാവധി 2016 ഡിസംബര്‍ 31 വരെ നീട്ടി.
ഇത് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്.
നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സര്‍വീസുകള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു.
അന്ന് ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനല്‍ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം കിട്ടിയത്.