തിരുവനന്തപുരം:
എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും, ശോഭ സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും നാമനിര്‍ദ്ദേശ പത്രിക ഇന്നലെ പുതുക്കി സമര്‍പ്പിച്ചു. കൂടുതല്‍ കേസുകളില്‍ കക്ഷി ചേര്‍ത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് കേസുകളുടെ മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് പത്രിക പുതുക്കി നല്‍കിയത്. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനു വേണ്ടി ജില്ലാ കലക്ടര്‍ പി.ബി. നൂഹ് മുന്‍പാകെ നാമനിര്‍ദേശകന്‍ എം.എസ്. അനിലാണ് പത്രിക നല്‍കിയത്. ഒരു സെറ്റ് പത്രികയാണ് ഇന്നലെ നല്‍കിയത്. ഇതോടെ 3 സെറ്റ് പത്രികയായി. 20 കേസ് വിവരങ്ങള്‍ വെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെ. സുരേന്ദ്രന്‍ 220 കേസുകളുടെ വിവരങ്ങള്‍ കൂടി അധികമായി ചേര്‍ത്തു. ഇതോടെ കേസുകളുടെ എണ്ണം 240 ആയി ഉയര്‍ന്നു.
ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ നേരത്തെ നല്‍കിയ പത്രികയില്‍ 11 കേസുകളായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 40 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കണ്ടത്തിയതോടെ പുതിയ പത്രിക നല്‍കുകയായിരുന്നു. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെതിരെ കൂടുതല്‍ കേസുണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് ആ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു വീണ്ടും പത്രിക നല്‍കിയത്.
ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.സി. തോമസിന്റെ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായി. പത്രിക തിരികെ നല്‍കിയ കലക്ടര്‍ പി.കെ. സുധീര്‍ ബാബു അവ തിരുത്തി നല്‍കണമെന്നു നിര്‍ദേശിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി പി.സി. തോമസ് പത്രിക സമര്‍പ്പിച്ചത്. പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്ന ഫോം 26 ലെ വിവരങ്ങള്‍ അപൂര്‍ണമായിരുന്നെന്നും ചില സ്ഥലങ്ങളില്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും വ്യക്തമായതോടെയാണ് മടക്കി നല്‍കിയത്. തിരുത്തിയ പത്രിക 3 മണിക്കു മുന്‍പു നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നു പി.സി .തോമസും പത്രിക പുതുക്കി സമര്‍പ്പിച്ചു.