Thu. May 9th, 2024
ന്യൂഡെല്‍ഹി:

മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറി. ഇന്‍ഡോറില്‍ നിന്ന് എട്ട് തവണ എം.പിയായിട്ടുള്ള ബി.ജെ.പി നേതാവാണ് സുമിത്രാ മഹാജന്‍.

മത്സര രംഗത്തുനിന്നും പിന്‍മാറിയശേഷം പാര്‍ട്ടിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് സുമിത്രാ മഹാജന്‍ പ്രതികരിച്ചു. സുമിത്രാ മഹാജന് ഈ മാസം 12ന് 76 വയസ് പൂര്‍ത്തിയാവുകയാണ്. 75 വയസ് പൂര്‍ത്തിയായവരെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി സുമിത്രാ മഹാജന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ പാര്‍ട്ടി നിലപാട് വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കിയാണ് അവര്‍ മത്സരരംഗത്ത് നിന്നും പിന്‍മാറുന്നത്. മാത്രമല്ല, ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതും സുമിത്രാ മഹാജനെ ചൊടിപ്പിച്ചു.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്നും സുമിത്രാ മഹാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുമിത്രാ മഹാജന്‍ കൂട്ടിച്ചേര്‍ത്തു. 1989 മുതല്‍ ഇന്‍ഡോറില്‍ നിന്ന് സ്ഥിരമായി ജയിച്ചുവരുന്ന നേതാവാണ് സുമിത്രാ മഹാജന്‍. ലോക്‌സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കര്‍ കൂടിയാണ് സുമിത്രാ മഹാജന്‍. ഇന്‍ഡോര്‍ മേയര്‍, എം.എല്‍.എ മാലിനി ഗൗഡ്, മറ്റൊരു എം.എല്‍.എ ഉഷ താക്കൂര്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗീയ, മുന്‍ എം.എല്‍.എ ഭന്‍വര്‍ സിംഗ് ഷെഖാവത്ത്, ഇന്‍ഡോര്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ ശങ്കര്‍ ലാല്‍വാനി എന്നിവരാണ് സുമിത്രാ മഹാജന് പകരക്കാരായി മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍.

Leave a Reply

Your email address will not be published. Required fields are marked *