Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി:

ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിലവില്‍ കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരണാസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ ജോഷിയുള്‍പ്പടെയുള്ള നേതാക്കളെ നിരന്തരം അവഗണിച്ചിരുന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോഷിക്ക് സീറ്റും നല്‍കിയില്ല.

ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജോഷി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായ് സൂചനയുണ്ട്. വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ വാരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജോഷിയ്ക്ക് താല്‍പര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

ബി.ജെ.പിയുടെ സ്ഥാപക നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പാര്‍ട്ടി മാറ്റിനിര്‍ത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതില്‍ ഇരു നേതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ആദ്യം രാജ്യം. പിന്നെ പാര്‍ട്ടി. സ്വന്തം താല്‍പര്യം അവസാനം. ബി.ജെ.പിയുടെ ആപ്തവാക്യം ഉയര്‍ത്തിയുള്ള എല്‍.കെ അദ്വാനിയുടെ ഒളിയമ്പ് ബി.ജെ.പിക്കകത്തും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പുതിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. ഗാന്ധിനഗറില്‍ സീറ്റ് നിഷേധിക്കപ്പെട്ട് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട അദ്വാനി ബ്ലോഗിലൂടെയാണ് മൗനം മുറിച്ചത്. സ്ഥാപകനേതാവിന് സീറ്റ് നിഷേധിച്ചതില്‍ ബി.ജെ.പിക്ക് അകത്തുതന്നെ ഒരു വിഭാഗത്തിന് നീരസമുണ്ട്.

അതേസമയം, മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുവാന്‍ ബി.ജെ.പിയില്‍ നീക്കം നടക്കുന്നുണ്ട്. എല്‍.കെ അദ്വാനിയുമായി ആര്‍.എസ്‌.എസ് നേതൃത്വം ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *