ന്യൂഡല്‍ഹി:
വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വയാനാട്ടില്‍ മത്സരിക്കുന്നതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ രാഹുല്‍ പ്രളയം തകര്‍ത്ത വയനാടിനെ പുനര്‍നിര്‍മിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് കേരളത്തിലെയും വയനാട്ടിലെയും ജനങ്ങള്‍ നല്കുന്ന സ്നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിന് മുന്‍പും ശേഷവും രാഹുല്‍ റോഡ്ഷോയും നടത്തിയിരുന്നു. നേരത്തെ, രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്പിച്ചതിനു പിന്നാലെ വയനാട്ടുകാരെ അദ്ദേഹം കൈവിടില്ലെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. അതേസമയം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയും എത്തുന്നത്.