Thu. Apr 25th, 2024

കൊല്ലപ്പെട്ട പ്രശസ്ത ഇറ്റാലിയൻ കവിയും, സംവിധായകനുമായ പിയർ പലോ പസോളിനി (Pier Paolo Pasolini)യുടെ ജീവിതത്തെ ആസ്പദമാക്കി ആബേൽ ഫെരാറ (Abel Ferrara) സംവിധാനം ചെയ്ത ‘പസോളിനി'(Pasolini) എന്ന ചിത്രം 2014 ൽ വെനീസ് ചലച്ചിത്രോത്സവത്തിലും ടൊറന്റോ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചിരുന്നു.

എന്നാൽ പൊതു പ്രദർശനശാലകളിൽ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ലായിരുന്ന ‘പസോളിനി, ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു ശേഷം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ന്യൂയോർക്ക് നഗരത്തിലെ മെട്രോഗ്രാഫിൽ മെയ് 10 ന് ആദ്യ പ്രദർശനം നടക്കും. കിനോ ലോർബർ (Kino Lorber) എന്ന വിതരണ കമ്പനി ആണ് ചിത്രത്തിന്റെ വടക്കേ അമേരിക്കൻ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

പ്രശസ്ത അഭിനേതാവ് വില്ലം ഡഫോ (Willem Dafoe) ആണ് പസോളിനിയുടെ വേഷം അഭിനയിക്കുക. ‘അറ്റ് ഏറ്റെർനിറ്റീസ് ഗേറ്റ്’ (At Eternity’s Gate) എന്ന ചിത്രത്തിൽ ചിത്രകാരനായ വാൻ ഗോഗ് (Vincent Van Gogh) ആയി വേഷമിട്ടതിനു ശേഷം മറ്റൊരു ചരിത്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുകയാണ് വില്ലം ഡഫോ ഈ ചിത്രത്തിൽ.

കവി, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, അഭിനേതാവ്, നാടകകൃത്ത്, രാഷ്ട്രീയക്കാരൻ, സിനിമ സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന പസോളിനിയുടെ സിനിമകൾ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഇന്നും സ്വാധീനിച്ച് പോരുന്നവയാണ്. സ്വവർഗ്ഗാനുരാഗിയായിരുന്ന പസോളിനിയുടെ ചിത്രങ്ങൾ ഭൂരിഭാഗവും ലൈംഗികത എന്ന വിഷയത്തെ വിശകലനം ചെയ്യുന്നവയായിരുന്നു.

ഈഡിപ്പസ് റെക്സ് (Oedipus Rex), തിയറം (Theorem) ഡെക്കാമെറോൺ (The Decameron) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളാണ്. ‘സാലോ ഓർ ദി 120 ഡേയ്സ് ഓഫ് സൊദോം’ (Salo or the 120 Days of Sodom) ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം, ഈ ചിത്രം ഏറെ ഖ്യാതി നേടുകയും അതുപോലെ തന്നെ അതിലെ തീവ്രമായ ലൈംഗിക രംഗങ്ങളുടെയും മറ്റും പേരിൽ വിവാദമാവുകയും ചെയ്തിരുന്നു. ഈ ചിത്രം പുറത്തിറങ്ങി ഏതാനും നാളുകൾക്ക് ശേഷം 1975ൽ തന്റെ 53 ആം വയസിൽ പസോളിനി റോമിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു.

ഒരു പുരുഷ ലൈംഗിക തൊഴിലാളിയാണ് വാക്‌തർക്കത്തെ തുടർന്ന് പസോളിനിയെ കൊന്നത് എന്നാണ് ഔദ്യോഗിക രേഖകൾ. എന്നാൽ പസോളിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ സഹചാരിയായിരുന്ന പസോളിനിയുടേത് ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു എന്നും വാദങ്ങളുണ്ട്. “സാലോ ഓർ ദി 120 ഡേയ്സ് ഓഫ് സൊദോം” പുറത്തിറങ്ങി പസോളിനി കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങൾ പസോളിനി എന്ന സിനിമയുടെ വിഷയമാവുക.

‘കിംഗ് ഓഫ് ന്യൂയോർക്ക്’, , ബാഡ് ല്യൂട്ടനന്റ്, ‘ദി ഫ്യൂണറൽ’, ‘ദി അഡിക്ഷൻ’ എന്നിവയാണ് ആബേൽ ഫെരാറയുടെ പ്രശസ്തമായ ചിത്രങ്ങൾ. അദ്ദേഹത്തിന്റെ മുൻ ചിത്രം ‘വെൽകം ടു ന്യൂയോർക്ക്'(2014) ലെ രംഗങ്ങൾ വിതരണക്കാർ മുറിച്ചു മാറ്റി പ്രദർശിപ്പിച്ചതിനെതിരെ, ആബേൽ ഫെരാറ ശബ്ദിക്കുകയും, ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വിതരണക്കാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങാത്ത സംവിധായകൻ എന്ന പേര് ആബേൽ ഫെരാറയുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നതിൽ നിന്നും തടസ്സമായിട്ടുണ്ട്. ഈ മാസം നടക്കുന്ന ട്രിബേക്ക ചലച്ചിത്രോത്സവത്തിൽ ഫെരാറയുടെ ‘ദി പ്രൊജക്ഷനിസ്റ്'(The Projectionist) എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *