വായന സമയം: < 1 minute
കോഴിക്കോട്:

നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. തുണി കൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്ഥിരീകരിക്കുന്നതിനാണ് ശാലുവിന്റെ ആന്തരികാവയവങ്ങളും സ്രവങ്ങളും റീജ്യണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കയച്ചത്.

ശാലുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട ഇടവഴിയ്ക്ക് സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്ക് പതിഞ്ഞ യുവാവിനെയാണ് പിടികൂടിയത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ശാലുവിന്റെ മരണം നടക്കുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് സി.സി.ടി.വിയില്‍ പതിഞ്ഞ യുവാക്കളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശാലുവിന്റെ മൃതദേഹം സാമൂഹിക നീതിവകുപ്പിന്റെ പുതിയറയിലെ ‘എന്റെ കൂട്’ന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശാലുവിന്റെ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കടക്കം നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയ്ക്ക് കൈമാറി. പിന്നീട് വൈകീട്ട് മൂന്നു മണിയോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

avatar
  Subscribe  
Notify of