കോഴിക്കോട്:
വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക.
നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാത്രി എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയതിന് ശേഷം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് പോകും.
രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെസി വേണുഗോപാല്‍ എന്നിവര്‍ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി.