Sat. Jan 18th, 2025
പത്തനംതിട്ട:

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക ഇന്ന് പുതുക്കി നല്‍കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സത്യവാങ്മൂലത്തിനെതിരെ സൂക്ഷ്മപരിശോധന സമയത്ത് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ പത്രിക തള്ളിപ്പോകാന്‍ ഇടയുണ്ടെന്നുള്ളതിനെ തുടര്‍ന്നു മുഴുവന്‍ കേസുകളുടെ വിവരങ്ങളോടു കൂടിയ പുതുക്കിയ പത്രിക ഇന്ന് സമര്‍പ്പിക്കും.

മാര്‍ച്ച് മുപ്പതിനാണ് സുരേന്ദ്രന്‍ ആദ്യ പത്രിക സമര്‍പ്പിച്ചത്. സമന്‍സായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതില്‍ സുരേന്ദ്രന്‍ സൂചിപ്പിച്ചിരുന്നത്. 243 കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നറിയില്ലായിരുന്നു എന്നാണു ഈ വിഷയത്തില്‍ സുരേന്ദ്രന്റെ പ്രതികരണം.

കഴിഞ്ഞ 29ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. എന്നാല്‍ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ബി.ജെ.പിയുടെ നീക്കം. കേസുകളെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും അടങ്ങിയ പുതിയ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നാമനിര്‍ദ്ദേശപത്രികയില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയും.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് ബി.ജെ.പി. നേതൃത്വം ആരോപിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സുരേന്ദ്രനെതിരെ നിരവധി കള്ളക്കേസുകള്‍ എടുത്തു. തിരുവനന്തപുരത്തും കാസര്‍ഗോഡുമൊക്കെ ഒരു സമയം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം പ്രചാരണത്തിലും ഉപയോഗിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *