Wed. Jan 22nd, 2025

 

ജനാധിപത്യത്തിന്റെ മഹാ ഉത്സവം പൊതു തിരഞ്ഞെടുപ്പുകൾ ആണെങ്കിൽ, അതിലെ ചെറുപൂരങ്ങൾ ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് വിവിധ ഏജൻസികൾ നടത്തുന്ന തിരഞ്ഞെടുപ്പ് സർവേകൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു രണ്ടു തരത്തിലുള്ള സർവേകളാണ് മുഖ്യമായും ഇന്ത്യയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് വളരെ മുന്നേയും, പ്രചാരണ കാലഘട്ടങ്ങളിലും നടക്കുന്ന പ്രീ പോൾ അഭിപ്രായ സർവേകളും, പോളിംഗ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തി ഇറങ്ങുന്ന സമ്മദിദായകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിക്കുന്ന എക്സിറ്റ് പോളുകളും.

1935 ൽ ജോർജ്ജ് ഗാലപ്പ് എന്ന അമേരിക്കക്കാരനായിരുന്നു ഇത്തരം പോളുകളുടെ  തുടക്കക്കാരൻ. അതിനാൽ തന്നെ “ഗാലപ്പ്‌ പോള്‍” എന്നാണു അമേരിക്കയില്‍ ഇതിനെ വിളിച്ചിരുന്നത്‌. 1936 മുതല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വിരലില്‍ എണ്ണാവുന്നവയില്‍ ഒഴികെ ഗാലപ്പ്‌ പോള്‍ കൃത്യമായി വിജയികളെ പ്രവചിച്ചിരുന്നു.

1980 കളിൽ ആണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾ പ്രചാരത്തിലാകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഓരോ പാർട്ടിക്കും എത്ര സീറ്റ് ലഭിക്കും എന്നാണ് ഇന്ത്യൻ അഭിപ്രായ സർവേകൾ കണ്ടെത്താൻ  ശ്രമിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഏതൊക്കെ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നതാണ് അഭിപ്രായ സർവേകളുടെ മുഖ്യ അജണ്ട. പ്രസിദ്ധ മാധ്യമപ്രവർത്തകൻ പ്രണോയ് റോയ് ആയിരുന്നു ഇന്ത്യയിൽ തിരഞ്ഞെടുപ്പ് സർവേകൾക്ക് തുടക്കമിട്ടത്. തുടക്കത്തിൽ ഇത്തരം സർവേ ഫലങ്ങൾ ഔട്ട് ലുക്ക്, ഇന്ത്യ ടുഡേ, ഫ്രന്റ്‌ ലൈൻ തുടങ്ങിയ മാഗസിനുകളിൽ മാത്രമായിരുന്നു വന്നിരുന്നത്. പിന്നീട് മുഖ്യധാര പത്രങ്ങൾ അഭിപ്രായ സർവേകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.

1996 ൽ ദൂരദർശൻ അഞ്ചു മണിക്കൂർ നീണ്ടു നിന്ന എക്സിറ്റ് പോൾ വിശകലനം നടത്തിയതോടെയായിരുന്നു ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കു അഭിപ്രായ സർവേകൾ കാലെടുത്തു വെച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ടെലിവിഷൻ ഇന്ത്യയിലൊരു വിപ്ലവമാകുകയും ചാനലുകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞു ആകാംക്ഷാപൂർവ്വം ഫലത്തിന് കാത്തിരിക്കുന്ന ജനങ്ങളെ ഒന്ന് കൂടി ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തി അതുവഴി പരസ്യങ്ങളും, റേറ്റിങ്ങും കൂട്ടാൻ ചാനലുകൾ മത്സരിച്ചു തുടങ്ങിയതോടെ കൂടുതൽ അഭിപ്രായ സർവേ ഏജൻസികളുടെ ഉദയത്തിനു കാരണമാകുകയും പിന്നീട് അതൊരു വ്യവസായമായി മാറുകയും ചെയ്തു. ടൈംസ് നൗ- സീ വോട്ടർ, എൻ. ഡി. ടി. വി. – ഹൻസ റിസേർച്, ന്യൂസ് 24 -ചാണക്യ, എ.ബി.പി. ന്യൂസ് – നീൽസൺ, ഇന്ത്യ ടുഡേ-സിസെറോ, സി. എൻ.എൻ. -ഐ. ബി. എൻ – സി.എസ്‌.ഡി.എസ്‌ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ മുഖ്യമായും തിരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നത്.

അഭിപ്രായ സർവേകൾ വിശ്വാസയോഗ്യമാണോ?

അഭിപ്രായ സർവേകൾ വോട്ടർമാരെ സ്വാധീനിക്കും എന്നത് ഒരു  യാഥാർത്ഥ്യമാണ്. ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയ സാധ്യത ഒരു ഏജൻസി പ്രഖ്യാപിക്കുമ്പോൾ അവരാണ് മികച്ചതെന്ന ഒരു പൊതു ബോധം രൂപപ്പെടുന്നതിനു പലപ്പോളും കാരണമാകാറുണ്ട്. അതെ കാരണം കൊണ്ടുതന്നെ  ചില പാർട്ടികളുടെ അഭിപ്രായ സർവേകളിലെ മോശം പ്രകടനം അവർക്കു തിരഞ്ഞെടുപ്പിൽ തിരിച്ചടികൾ ഉണ്ടാക്കാനും ഇടയാകുന്നു. ഇതോടെ  രാഷ്ട്രീയ പാർട്ടികൾ ഇത്തരം സർവേകൾ തങ്ങളുടെ നേട്ടത്തിന് അനുകൂലമാക്കി മാറ്റാൻ ഏജൻസികളെ സ്വാധീനിക്കുന്നു എന്ന രീതിയിൽ വ്യാപക ആരോപണങ്ങൾ ഉയരാൻ തുടങ്ങി. 2000ത്തിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ മിക്ക മാധ്യമ സ്ഥാപനങ്ങളും നടത്തിയ അഭിപ്രായ സര്‍വേകളുടെ സീറ്റ് ഫലപ്രവചനം ഭൂരിഭാഗവും ശരിയായിരുന്നു. പക്ഷെ തങ്ങളുടെ പാർട്ടിയുടെ വിജയ സാധ്യത ഏജൻസികളെ ഉപയോഗിച്ച് പെരുപ്പിച്ചു കാണിക്കുന്ന പ്രവണത ഏറി വന്നപ്പോൾ പലപ്പോളും അഭിപ്രായ സർവേകൾ തെറ്റാൻ തുടങ്ങി.

അത്തരം പോൾ ഏജൻസികൾ പണത്തിനു വേണ്ടി എന്ത് ഫലവും തരാന്‍ തയ്യാറുള്ളവര്‍ ആണെന്ന് പ്രമുഖ ഹിന്ദി ന്യൂസ്‌ ചാനലായ ന്യൂസ്‌ എക്സ്പ്രസ്സ്‌ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ഇത്തരം ഏജന്‍സികള്‍ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായും പ്രവചിക്കാന്‍ നടത്തുന്ന വിലപേശലാണ് ചാനല്‍ പുറത്തുവിട്ടത്. “ഓപ്പറേഷന്‍ പ്രൈംമിനിസ്റ്റര്‍” എന്ന ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് സാധാരണക്കാരായ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജന്‍സികള്‍ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിവരം പുറത്തു വന്നത്. പ്രവചനങ്ങളുടെ യാഥാര്‍ത്ഥ്യമെന്തെന്നിറിയാന്‍ വിവിധ ഏജന്‍സികളെ ചാനല്‍ സമീപിച്ചെങ്കിലും 11 ഏജന്‍സികളാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. പണം നല്‍കിയാല്‍ മാധ്യമങ്ങളുടെ നിലപാട് അനുസരിച്ചും സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായും  പ്രവചനം നടത്താം എന്ന് അവർ പറയുന്ന ദൃശ്യങ്ങൾ ഒളികാമറയിലൂടെ പുറത്തു വന്നിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ, ഓഹരി വിപണിയിലും തിരഞ്ഞെടുപ്പുകൾ വൻ ചാഞ്ചാട്ടം ഉണ്ടാക്കാറുള്ളതുകൊണ്ട് വിപണിയിലെ ദല്ലാളന്മാരും ഏജൻസികളെ സ്വാധീനിക്കാറുണ്ട്. പ്രമുഖ ബെറ്റിംഗ് ഏജൻസികളാണ് അഭിപ്രായ സർവേകൾ വരുതിയിലാക്കാൻ ശ്രമിക്കാറുള്ള മറ്റൊരു കൂട്ടർ. അതിനാൽ തന്നെ അഭിപ്രായ സർവേകളെയും, എക്സിറ്റ് പോളുകളെയും കണ്ണുമടച്ചു വിശ്വസിക്കാവുന്ന കാലം കഴിഞ്ഞു എന്ന് അനുമാനിക്കാം.

2014 ലെ തിരഞ്ഞെടുപ്പ് സർവേകളും യാഥാർത്ഥ്യവും

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രമുഖ മാധ്യമങ്ങൾ നടത്തിയ 16 അഭിപ്രായ സർവേകളിൽ 13 ലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ. ഡി. എ ക്കു തന്നെയായിരുന്നു മുൻ തൂക്കം കല്പിച്ചിരുന്നത്. കോൺഗ്രസ്സിന്റെ യു.പി.എ അടുത്തൊന്നും എത്തിയിരുന്നില്ല. ബാക്കി മൂന്നെണ്ണത്തിൽ എൻ.ഡി.എ യും, യു.പി.എ യും അല്ലാതെ ബാക്കിയുള്ള എല്ലാ കക്ഷികളും കൂടിയാണ് ഒന്നാം സ്ഥാനത്തു എത്തിയത്. പക്ഷെ ഈ സർവേകളിൽ 15 ലും എൻ.ഡി. എ യ്ക്ക് ഭരിക്കാൻ ആവശ്യമായ 271 സീറ്റുകൾ കിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. അതായതു എല്ലാ ഏജൻസികളും ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കു സഭയാണ് പ്രവചിച്ചത് എന്നർത്ഥം. 2014 ഏപ്രിലിൽ എൻ.ഡി.ടി.വി യും, ഹൻസ റിസേർച്ചും സംയുക്തമായി നടത്തിയ ഒരു സർവേ മാത്രമാണ് എൻ. ഡി. എ യ്ക്ക് 275 സീറ്റുകൾ പ്രവചിച്ചിരുന്നത്. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻ.ഡി.എ യ്ക്ക് അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നതിനേക്കാൾ ശരാശരി നൂറോളം സീറ്റുകൾ കൂടുതൽ കിട്ടുകയും അഭിപ്രായ സർവേകൾ ഒന്നും തന്നെ കൃത്യമായിരുന്നില്ലെന്നു തെളിയുകയും ചെയ്തു.

ഇനി 2014 ലെ എക്സിറ്റ് പോളുകൾ പരിശോധിച്ചാലും എൻ.ഡി.എ യ്ക്ക് എല്ലാ ഏജൻസികളും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ആരും മുന്നൂറിലധികം സീറ്റുകൾ പ്രവചിച്ചിരുന്നില്ലെന്നു കാണാം. ഇന്ത്യ ടിവി – സീ വോട്ടർ ആയിരുന്നു എൻ.ഡി.എ യ്ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചത് (289). പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻ.ഡി. എ നേടിയത് 336 സീറ്റുകൾ ആയിരുന്നു. അതായതു പ്രീ പോൾ സർവേകളെ പോലെ തന്നെ എക്സിറ്റ് പോളുകളും യാഥാർത്ഥ്യത്തിനു അടുത്തെത്തിയില്ലെന്നു സാരം.

പക്ഷെ വിവിധ ഏജൻസികൾ മുന്നണികളുടെ വോട്ട് ഷെയർ പ്രവചിച്ചിരുന്നത് കുറെ കൂടി കൃത്യമായ നിരീക്ഷണങ്ങൾ ആയിരുന്നു.

2004 ലോക്സഭാ തിരഞ്ഞെടുപ്പ് സർവേ

മധ്യപ്രദേശ് ,രാജസ്ഥാൻ, ഛത്തീസ്‌ഘട് സംസ്ഥാനങ്ങളിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ അന്നത്തെ വാജ്‌പേയി സർക്കാർ കാലാവധി തീരുന്നതിനു മുന്നേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എൻ.ഡി.എ യ്ക്ക് കേവല ഭൂരിപക്ഷത്തിനടുത്തു നിൽക്കുന്ന സീറ്റുകളായിരുന്നു ഏജൻസികൾ എല്ലാവരും പ്രഖ്യാപിച്ചത്. ഒരു ഏജൻസി പോലും യു.പി.എ യ്ക്ക്, എൻ.ഡി.എ യെക്കാൾ കൂടുതൽ സീറ്റുകൾ പ്രവചിച്ചിരുന്നില്ല. പ്രമുഖ ഏജൻസികൾ ശരാശരി 183 സീറ്റുകൾ ആയിരുന്നു യു.പി.എ നേടുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി യു.പി.എ 219 സീറ്റുകൾ നേടുകയും മറ്റു കക്ഷികളെ കൂട്ട് പിടിച്ചു അധികാരത്തിൽ എത്തുകയും ചെയ്തിരുന്നു. സ്റ്റാർ ന്യൂസ് – സീ വോട്ടർ എൻ.ഡി.എ യ്ക്ക് 263 – 275 സീറ്റുകൾ പ്രവചിച്ചിടത്തു അവർക്കു നേടാനായത് 187 സീറ്റുകൾ മാത്രമായിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പുകളും എക്സിറ്റ് പോളുകളും

സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിവിധ ഏജൻസികൾ നടത്തുന്ന എക്സിറ്റ് പോളുകളും യാഥാർത്ഥ്യത്തിനു അടുത്തു നിൽക്കുന്നില്ലെന്നു വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. 2017 ഇൽ നോട്ടു നിരോധനത്തിന് ശേഷം ഉടൻ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ രണ്ടു ഏജൻസികൾ ഒഴിച്ച് മിക്കവയും ഉത്തർ പ്രദേശിൽ ഒരു തൂക്കു നിയമസഭയാണ് പ്രവചിച്ചത്. തുടക്കത്തിൽ യു. പി യിൽ ബി.ജെ.പിക്ക് നല്ല സാധ്യത ഉണ്ടായിരുന്നെങ്കിലും നോട്ടു നിരോധനം വന്നതോടെ ജനങ്ങളുടെ അമർഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച് ബി.ജെ.പിക്ക് പ്രതീക്ഷിച്ച കുതിപ്പ് ഉണ്ടാകില്ല എന്നായിരുന്നു പൊതു വികാരം. എന്നാൽ വിവിധ ഏജൻസികളുടെ പ്രവചനങ്ങൾ തെറ്റാണെന്നു തെളിയിച്ചു ബി.ജെ.പി. ഉത്തർ പ്രദേശിൽ 325 സീറ്റുകൾ നേടി.


2015 ലെ ബീഹാർ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ ബി.ജെ.പിക്ക് 155 സീറ്റുകൾ വരെ പ്രവചിച്ച സ്ഥാനത്തു ഫലം വന്നപ്പോൾ ബി.ജെ.പി വെറും 58 സീറ്റുകളിലേക്ക് ഒതുങ്ങി പോയതായി കാണാം.എല്ലാ ഏജൻസികളും ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

2015 ഇൽ 70 അംഗങ്ങളുള്ള ദൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മിക്ക ഏജൻസികളും ബി.ജെ.പി ക്കു 26 – 27 സീറ്റുകൾ പ്രവചിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ 67 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി ദൽഹി തൂത്തുവാരുകയും ബി.ജെ.പി മൂന്ന് സീറ്റിൽ മാത്രം വിജയിക്കുകയും ചെയ്തു.

എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സർവേകൾ കൃത്യത കൈവരിക്കുന്നില്ല?

രാഷ്ട്രീയ പാർട്ടികളും, തല്പര കക്ഷികളും, സർവേ നടത്തുന്ന മാധ്യമ സ്ഥാപനങ്ങളും അവരുടെ താല്പര്യത്തിനു അനുകൂലമായി തിരഞ്ഞെടുപ്പ് സർവേകളിൽ കൃത്രിമത്വം കലർത്തുന്നു എന്ന ആരോപണം നിലനിൽക്കെ തന്നെ അടിസ്ഥാനപരമായ പ്രശ്നങ്ങളും ഈ സർവേകൾ നേരിടുന്നുണ്ട്. കാരണം ഈ സർവേകൾ എല്ലാം തന്നെ മുഴുവൻ വോട്ടർമാരുടെയും പ്രതികരണം ആരായുന്നില്ല. ഓരോ മണ്ഡലങ്ങളിലും നിശ്ചിത സ്ഥലങ്ങളിൽ, നിശ്ചിത എണ്ണം വോട്ടർമാരോട് ഒരേ ചോദ്യാവലി ചോദിച്ച് പൊതുബോധത്തിന്റെ ഒരു സാമ്പിൾ എടുക്കുകയാണ് ഏജൻസികൾ ചെയ്യുന്നത്. ഈ പ്രക്രിയയുടെ ഗുണനിലവാരം സർവേയുടെ ഫലത്തെ സ്വാധീനിക്കും. ഒരു മണ്ഡലത്തിന്റെ യഥാർത്ഥ പരിച്ഛേദത്തിലേക്കു സർവേ എത്തിപ്പെട്ടില്ലെങ്കിൽ കൃത്യമായ ഒരു ഫലം ലഭിക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല സർവേയിൽ പങ്കെടുക്കുന്ന വോട്ടർമാരുടെ സഹകരണവും പ്രധാനമാണ്. ചിലർ എല്ലാം തുറന്നു പറയാൻ മടിക്കുമ്പോൾ മറ്റു ചിലർ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ നൽകുന്നതും സർവേയെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പ് അടുക്കുന്തോറും വിവിധ ട്രെൻഡുകൾ രൂപപ്പെടുന്നതിനാൽ അഭിപ്രായ സർവേയിൽ പറഞ്ഞ പോലെ ആയിരിക്കണമെന്നില്ല ഒരു വോട്ടറുടെ പോളിംഗ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉള്ള തീരുമാനം. ഇത്തരം പരിമിതികൾ തരണം ചെയ്യാൻ നമ്മുടെ അഭിപ്രായ സർവേകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

കൃത്യമായ സാമ്പിളുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എക്സിറ്റ് പോളുകളും താളം തെറ്റും. വോട്ടു ചെയ്തു ഇറങ്ങുന്ന ചില വോട്ടർമാരെങ്കിലും തിരിച്ചടികൾ ഭയന്ന് ആർക്കാണ് വോട്ടു ചെയ്തതെന്ന് പുറമെ പറയാൻ മടിക്കാറുണ്ട്. ആയതിനാൽ വോട്ടർമാരുടെ മനസ്സ് വായിക്കാനുള്ള സാങ്കേതിക വിദ്യ നിലവിൽ വരാത്തിടത്തോളം കാലം തിരഞ്ഞെടുപ്പ് സർവേകളിൽ ഇത്തരം ഏറ്റകുറച്ചിലുകൾ പ്രതീക്ഷിക്കാം.

എന്നിരുന്നാലും ഏജൻസികൾ നടത്തുന്ന സർവേകൾ എത്രമാത്രം സുതാര്യമാണ് എന്ന് അറിയാൻ ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ ബിസിനസ് താല്പര്യങ്ങൾക്കനുസരിച്ചു സർവേകളെ വിൽക്കാൻ വെച്ചിരിക്കുകയാണോ? വിദേശ സ്ഥാപനങ്ങളും, കുത്തകകളും ഉൾപ്പടെ പണം ഒഴുക്കുന്നവരുടെ താല്പര്യങ്ങളിലേക്കു പൊതുബോധത്തെ കൊണ്ടെത്തിക്കുന്ന അഭിപ്രായ സർവേകൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തന്നെ അട്ടിമറിക്കുകയല്ലേ? തിരഞ്ഞെടുപ്പുകളെ പ്രഹസനം ആക്കുകയല്ലേ? സർവേ ഫലങ്ങൾ ചിലയിടത്തു വോട്ടു കച്ചവടത്തിനും,കള്ള വോട്ടുകൾക്കും, വ്യാജ പ്രചാരണങ്ങൾക്കും കാരണമാകുന്നില്ലേ? ഓഹരി വിപണിയെ തളർത്തുന്നില്ലേ? വ്യാജ പ്രവചനങ്ങൾ നടത്തിയ ഏജൻസികൾക്കെതിരേ എന്തെങ്കിലും നടപടികൾ ഉണ്ടായിട്ടുണ്ടോ? അവരുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കു കൂടി ഉത്തരം ലഭിച്ചാലേ നമ്മൾ കൊട്ടിഘോഷിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന് പൂർണ്ണത കൈവരികയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *