ഡൽഹി:
ഗൾഫ് മേഖലയിലെ ആദ്യ ഇന്ത്യൻ ഹിന്ദു ക്ഷേത്രത്തിന് ഏപ്രിൽ 20-ന് അബുദാബിയിൽ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനത്തിന്റെ ഭാഗമായാണിത്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ അവസാന വിദേശ സന്ദർശനവുമായിരിക്കും യു.എ.ഇ യാത്ര. എന്നാൽ റംസാന് തൊട്ടുമുമ്പ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതിൽ യു.എ.ഇ ഭരണകൂടത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ ഭരണാധികാരികളും വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ നടന്നുവരികയാണ്.
സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ ഡൽഹിയിലുള്ള സ്വാമി നാരായൺ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 55,000 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള ക്ഷേത്രത്തിനായുള്ള സ്ഥലം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി പ്രസ്തുത ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, ചടങ്ങ് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് വിദേശത്തായാലും ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിത്തന്നെ കണക്കാക്കേണ്ടി വരുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.