Mon. Dec 23rd, 2024
#ദിനസരികള് 715

പടക്കളത്തില്‍ നിന്നും ഒളിച്ചോടിയ ഭീരു എന്ന വിശേഷണം ആരേയും സന്തോഷിപ്പിക്കുകയില്ലെന്ന് എനിക്കറിയാം. യുദ്ധത്തിലെ അസാധാരണമായ സാഹചര്യങ്ങള്‍ കണ്ട്, ഒരു സാധാരണ ഭടനാണ് ഒളിച്ചോടുന്നതെങ്കില്‍ നമുക്ക് ന്യായീകരിക്കുകയുമാകാം. എന്നാല്‍, ജനതയേയും, തന്റെ രാജ്യത്തേയും പരിപാലിക്കാന്‍ ബാധ്യതപ്പെട്ട പടനായകനാണ് കളം വിടുന്നതെങ്കിലോ? ശത്രുക്കളില്‍ നിന്നും ഒളിച്ചോടി എത്ര സുരക്ഷിതമായ ഗുഹയില്‍ അഭയം തേടിയാലും അയാള്‍‌ എക്കാലത്തും ഭീരുതന്നെയായിരിക്കും. കര്‍മ്മശേഷിയില്ലാത്ത ഭീരു.

2019 ലെ ലോക സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുവാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി നില്ക്കവേ, പ്രതിപക്ഷ നിരയുടെ അമരക്കാരനെന്ന് ലോകം കരുതുന്ന യുവകേസരി, ഉരുക്കുവനിത എന്ന് കേള്‍വിപ്പെട്ട സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചു മകന്‍, ശ്രീ രാഹുല്‍ ഗാന്ധി പരാജായഭീതിയില്‍ കളമൊഴിഞ്ഞു കൊടുത്തിരിക്കുന്നു. മത്സരത്തിലെ പരാജയഭീതി മാത്രമായി ഈ പിന്‍വലിയലിനെ കാണുക വയ്യ. താനിതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യങ്ങളില്‍ നിന്നുള്ള പിന്‍തിരിയല്‍ കൂടിയാണത്.

വര്‍ത്തമാനകാല ഇന്ത്യ മോഡി വിരുദ്ധ – വര്‍ഗ്ഗീയ വിരുദ്ധ ചേരികളുടെ ശക്തിപ്പെടലിനെക്കുറിച്ച് അത്യുത്സാഹപൂര്‍വ്വം ആലോചിക്കുന്ന സവിശേഷ സന്ദര്‍ഭമാണിത്. ഹിന്ദി മേഖലയിലെ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ അത്തരത്തിലുള്ള ഒരു പ്രത്യാശയ്ക്ക് വകയുണ്ട് എന്ന സന്ദേശമാണ് ലോകത്തിന് നല്കിയത്. ഹിന്ദി സംസാരിക്കുന്ന മൂന്നു പ്രധാന സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് എതിരെ വോട്ടുചെയ്തു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഢ് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തി. ഹിന്ദി മേഖലയിലെ ഈ പരാജയം മോദി പ്രഭാവത്തിന് മങ്ങലേല്പിച്ചു. 2019 ലെ ലോക സഭ ഇലക്ഷനിലേക്കുള്ള ചൂണ്ടു പലകയാണ് ഇതെന്നും രാഹുല്‍ എന്ന നേതാവിന്റെ ഉദയമാണ് നാം കാണുന്നതെന്നും മതേതര മനസ്സുകള്‍ ആഘോഷിച്ചു. അതോടൊപ്പം ഭാദ്രയില്‍ നിന്ന് ബല്‍വാന്‍ പുനിയയും, ദുംഗര്‍ഹാര്‍ഗില്‍ ഗിരിധര്‍ ലാലും, ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങളെ പിടിച്ചെടുത്ത വാര്‍ത്ത ഇന്ത്യയിലെ ഇടതുപക്ഷ മനസ്സുകളേയും സന്തോഷിപ്പിച്ചു.

പൊതുവേ മോദിയുടേയും, അമിത് ഷായുടേയും തീവ്ര ഹിന്ദുത്വ നിലപാടുകളെ ജനം തള്ളിക്കളയുന്ന അവസ്ഥയാണുള്ളതെന്ന് പലരും വിലയിരുത്തി. മതേതര നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ കോണ്‍‌ഗ്രസ്സിനും അതുവഴി രാഹുല്‍ ഗാന്ധിയ്ക്കും കഴിയുമെന്നാണ് ഇടതുപക്ഷം പോലും ആലോചിച്ചു പോയത്. കോണ്‍ഗ്രസ്സിനെ വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരനായോ അവരുടെ വലതുപക്ഷ നിലപാടുകളെ മറന്നു കൊണ്ടോ അല്ല ഇടതുകള്‍ ഇങ്ങനെ ചിന്തിച്ചത്. മറിച്ച് ഇവയെക്കാളൊക്കെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന മതവര്‍ഗ്ഗീയത തുരത്തണമെന്ന ഒരൊറ്റ ആശയത്തിനെ മുന്‍നിറുത്തിയാണ് അവര്‍ കോണ്‍ഗ്രസ്സിനോട് സമരസപ്പെട്ടത്.

ബി.ജെ.പിയെയും അവര്‍ ഉയര്‍ത്തിപ്പിക്കുന്ന വര്‍ഗ്ഗീയതയേയും ഒന്നാമതായി എതിര്‍‌ക്കേണ്ട പ്രധാന ശത്രുവായിട്ടാണ് സി.പി.ഐ.(എം.) അടക്കമുളള ഇടതുപാര്‍ട്ടികള്‍ കരുതിപ്പോന്നത്. അതേ സമയം തന്നെ കോണ്‍ഗ്രസ്സിനെ ജനപക്ഷത്തേക്ക് ആനയിക്കുന്ന, ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഒന്നാം യു.പി.എ. സര്‍ക്കാറിനെ മുന്‍ നിറുത്തി ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. അതായത് വര്‍ഗ്ഗീയതയെ പ്രധാന എതിരാളിയായി കാണുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ എല്ലാ കൊള്ളരുതായ്മകളേയും വകവെച്ചുകൊടുക്കാനും കഴിയില്ല എന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചു പോരുന്നത്.
ഈ കാഴ്ചപ്പാടുകളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് ഹിന്ദി ഹൃദയമേഖലയില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ രാജകുമാരന്‍ പിന്‍വലിയുന്നത്.

ഏകദേശം എഴുപതുകൊല്ലക്കാലത്തോളം – രണ്ടു തവണ വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് ഓര്‍മ്മ – അമേഠിയെ അടക്കി ഭരിച്ച കോണ്‍ഗ്രസ്സിന്റെ ചരിത്രത്തലില്ലാത്ത വോട്ടു നഷ്ടമാണ് 2014 ല്‍ അവിടെ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത്. അത് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നുണ്ടാകാം. അതുകൊണ്ടാണ് കൂടുതല്‍ സുരക്ഷിതമായ ഒരു മണ്ഡലത്തിലേക്ക് രാഹുലിനെ കയറ്റിയയ്ക്കാന്‍ അവര്‍ തയ്യാറായത്.

എന്തുകൊണ്ടാണ് അമേഠി കോണ്‍ഗ്രസിനെ കൈവെടിഞ്ഞതെന്ന് അവിടെ നിന്നുമുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും കാലത്തിന് ശേഷവും വികസനം അന്യമായിരിക്കുന്ന ഒരു പ്രദേശമാണ് അമേഠി എന്ന് ആ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരായ ജനതയ്ക്കുവേണ്ടി ഒന്നും ചെയ്യാതെ അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്തു വിജയിപ്പിക്കാനുള്ള വെറും യന്ത്രങ്ങളായി മാത്രം പരിഗണിക്കപ്പെട്ടതാണ് കോണ്‍ഗ്രസ്സിന് ഈ തിരിച്ചടിയുണ്ടാകാന്‍ പ്രധാന കാരണമായിട്ടുള്ളത്.

ഒരു മണ്ഡലത്തിലെ ജനതയുടെ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍‌ കഴിയാത്ത ഒരുവന്‍ ഒരു മഹാരാജ്യത്തിലെ ജനതയെ എങ്ങനെ നയിക്കുമെന്ന ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്. എന്നാല്‍ രാഹുലിന്റെ പിന്‍മാറ്റമുണ്ടാക്കുന്ന പ്രതികരണം മതേതരമുന്നേറ്റങ്ങളെ നിരാശപ്പെടുത്തുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേഠിയില്‍ തോറ്റാല്‍‌പ്പോലും മറ്റിടങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോൺഗ്രസ്സിനു കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ, നായകന്റെ പിന്‍മാറ്റം ഉയര്‍ത്തി ബി.ജെ.പിക്ക് അതിശക്തിമായി തിരിച്ചു വരാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചുകൊടുത്തത്. ഭയന്നോടിയവന്‍ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

രാഷ്ട്രീയ കാലാവസ്ഥകളെ ഫലപ്രദമായി വിലയിരുത്താനും അവയോട് സംവദിക്കാനും രാഹുലും കൂട്ടരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ജയിക്കുമായിരിക്കും, എന്നാല്‍ ഇന്ത്യയും ഇന്ത്യയിലെ ജനതയും വീണ്ടും തോല്ക്കും. ആ തോല്‍വിക്ക് കോണ്‍ഗ്രസും അവരുടെ യുവനേതാവും മാത്രമായിരിക്കും ഉത്തരവാദികള്‍.

su_divider text=”മുകളിലേക്ക്” style=”double” divider_color=”#FFCE00″ link_color=”#60605F”]

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *