Thu. Jan 23rd, 2025
#ദിനസരികള് 714

വയനാട്ടുകാരില്‍ ഭുരിപക്ഷം പേരും കുടിയേറ്റക്കാരാണ്. പല കാരണങ്ങളാല്‍ സ്വന്തം നാടിനെ ഉപേക്ഷിച്ച് അഭയം അര്‍ത്ഥിച്ചു വന്ന് തങ്ങളുടേതായ കുടികിടപ്പവകാശം വയനാട്ടില്‍ നേടിയെടുത്തവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ഒരു അഭയാര്‍ത്ഥിയുടെ വേദന മനസ്സിലാകും. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഓടി പോകേണ്ടി വന്നവന്റെ സങ്കടം മനസ്സിലാകും. അവന്റെ ഒറ്റപ്പെടലും വേദനയും മനസ്സിലാകും. ഒന്ന് കൈപിടിച്ച് സഹായിക്കാന്‍ ആരുമില്ലാത്തവനെ വയനാട് പക്ഷേ എന്നും സ്വീകരിച്ചിട്ടേയുള്ളു.

അങ്ങനെ എവിടേയും ചുവടുറപ്പിക്കാന്‍ കഴിയാത്ത ഒരാളായിരുന്നു രണ്ടു തവണ ഞങ്ങളുടെ എം.പിയായി വിരാജിച്ച ശ്രീ എം. ഐ. ഷാനവാസ്. വയനാട്ടിലേക്ക് എത്തുന്നതിനു മുമ്പ് ആരും എവിടേയും അടുപ്പിച്ചില്ല. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ തനി സ്വഭാവം അറിയാമായിരുന്നിരിക്കണം. എന്നാല്‍ വയനാട്ടുകാര്‍ ശുദ്ധരായതുകൊണ്ട് സ്വീകരിച്ചു, വിജയിപ്പിച്ചു. 2009 ല്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തെ വയനാട്ടില്‍ നിന്നും ലോക്സഭയിലേക്ക് എത്തിച്ചത്.

അദ്ദേഹം അകാലത്തില്‍ മരിച്ചു പോയെങ്കിലും ഏകദേശം പത്തുകൊല്ലത്തോളം വയനാടിനോട് കാണിച്ച അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായിരുന്നെന്ന് പറയാതെ വയ്യ. കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തില്‍ നിന്നും പക്ഷേ കുറച്ചു കൂടി സ്നേഹസമ്പന്നമായ പെരുമാറ്റം വയനാട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നു മാത്രവുമല്ല ഞങ്ങളത് അര്‍ഹിച്ചിരുന്നുവെന്നതാണ് വസ്തുത. സംഭവിച്ചതാകട്ടെ തിരിച്ചും. ചിരിക്കാതെന്തു ചെയ്യാന്‍.

ഇപ്പോള്‍ കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായിരുന്നയാള്‍ക്ക് പകരം എ.ഐ.സി.സിയുടെ പ്രസിഡന്റുതന്നെ വയനാട്ടിലേക്ക് അഭയാര്‍ത്ഥിയായി വന്നു കയറിയിരിക്കുന്നു. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും സ്വന്തം മണ്ഡലമായ അമേഠിയില്‍ നില്ക്കക്കള്ളിയില്ലാതെ ഓടി പോന്നതാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കാരണം 2009 ല്‍ നിന്നും 2014 ലേക്ക് എത്തുമ്പോഴേക്കും അദ്ദേഹത്തിന് 2.8 ലക്ഷം വോട്ടുകളുടെ നഷ്ടമാണ് സ്വന്തം മണ്ഡലത്തിലുണ്ടായിരുന്നത്.

പരമ്പരാഗതമായി കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചിരുന്ന ഒരു മണ്ഡലത്തിലാണെന്നോര്‍ക്കണം. (ആകെപ്പാടെ രണ്ടു തവണയോ മറ്റോ ആണ് മറ്റൊരാള്‍ ആ മണ്ഡലത്തില്‍ നിന്നും ജയിക്കുന്നത്) ഒരു മണ്ഡലത്തിലെ ജനങ്ങളെ ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരാളെയാണ് ഒരു രാജ്യത്തെ ഭരിക്കുന്നവനായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് എന്ന തമാശ നല്ലൊരു ചിരിക്ക് വക നല്കുന്നുണ്ട്. ശരി അതവിടെയിരിക്കട്ടെ. രാഹുലിനെപ്പോലെയുള്ള ഒരു ‘ദേശീയ’ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം നമ്മുടെ രാജ്യത്തിന് എന്തു ഗുണമാണുണ്ടാക്കുക എന്നു ചിന്തിക്കേണ്ടതല്ലേ?

കോണ്‍ഗ്രസിന്റെ ഒരു കേന്ദ്രത്തില്‍ നിന്നും അക്കാര്യത്തില്‍ കൃത്യമായ ഒരുത്തരവും വന്നതായി കണ്ടിട്ടില്ല. അമേഠിക്കു പുറമേയുള്ള മത്സരത്തെക്കുറിച്ച് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച എ.കെ. ആന്റണിയോട് ചോദിച്ചപ്പോള്‍ മോദിയും രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടല്ലോയെന്നായിരുന്നു മറുപടി. അത് ചോദ്യത്തിനുള്ള ന്യായമായ മറുപടിയല്ലല്ലോ. എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഒരു മണ്ഡലം തങ്ങള്‍ തെരഞ്ഞെടുത്തതെന്ന് രാഷ്ട്രീയമായി വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് വസ്തുത. ആകെയുള്ള ഒരു കാരണം, അമേഠിയില്‍ തോല്ക്കുമെന്നതു തന്നെയാണ്.

രാഹുലിന്റെ ഒളിച്ചോട്ടം ഏറ്റവും കൂടുതല്‍ ക്ഷീണിപ്പിക്കുക കോണ്‍ഗ്രസ്സിനെത്തന്നെയാണ്. ഹിന്ദി മേഖലയില്‍ നിയമ സഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകള്‍ മതേതര കക്ഷികള്‍ക്കുണ്ടായ മുന്നേറ്റങ്ങളെ അവിശ്വസിക്കുന്ന ഈ നടപടി ആ ജനതയെ വീണ്ടും വര്‍ഗ്ഗീയ കക്ഷികള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതാണ്. അതുമാത്രവുമല്ല സംഘപരിവാരത്തിന് ഉത്തരേന്ത്യയെ അപേക്ഷിച്ച് യാതൊരു പ്രസക്തിയുമില്ലാത്ത ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുന്നതു വഴി ബി.ജെ.പിയോ അവരുടെ വര്‍ഗ്ഗീയതയോ അല്ല തങ്ങളുടെ എതിരാളികളെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നതെന്ന ആക്ഷേപം കഴമ്പുള്ളതുമാകുന്നു.

മതേതര ഇന്ത്യയ്ക്കു വേണ്ടിയുള്ള അവസാന പോരാട്ടമാണിതെന്ന ബോധ്യം ഇനിയും കോണ്‍ഗ്രസിനുണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ ബംഗാളില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകള്‍ തങ്ങള്‍ക്കു വേണമെന്ന് അവകാശപ്പെട്ടുകൊണ്ട് റായ് ഗഞ്ചിലും മൂര്‍ഷിദാബാദിലും സ്ഥാനാര്‍ത്ഥികളെ നിറുത്തുവാന്‍ അവര്‍ തയ്യാറായത്.
മതേതരത്വത്തെ പുനസ്ഥാപിക്കാനുള്ള ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ സംബന്ധിച്ച് ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്ത് ഇന്നാട്ടിലെ ന്യൂനപക്ഷമാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിച്ചേക്കാം, പക്ഷേ ഇന്ത്യയില്‍ രാഹുലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും എന്നന്നേക്കുമായി അപ്രസക്തമാകാന്‍ പോകുന്നുവെന്നതാണ് വസ്തുത.

su_divider text=”മുകളിലേക്ക്” style=”double” divider_color=”#FFCE00″ link_color=”#60605F”]

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *