Tue. Nov 5th, 2024
കൊട്ടാരക്കര:

മഞ്ജുവിൻ്റെ നാല് മക്കളിൽ രണ്ട് പേർ ഹിന്ദുക്കൾ, മറ്റുള്ളവരുടെ ജാതി അറിയില്ലെന്ന് റവന്യു വകുപ്പ്! മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സർട്ടിഫിക്കറ്റിനായി മാസങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് മഞ്ജു. ഹിന്ദു കുറവ വിഭാഗത്തിൽപ്പെട്ട മഞ്ജുവിന്റെ കുടുംബം ഹിന്ദുമത വിശ്വാസികളാണെന്ന് പ്രാദേശിക അന്വേഷണം നടത്തിയ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പറയുന്നു. എന്നാൽ ഈ റിപ്പോർട്ട് വിശ്വസിക്കാൻ താലൂക്ക് അധികൃതർ തയാറാകുന്നില്ല.

നാലാമത്തെ മകന്റെ പേര് മെറിൻ ബി ജോൺ എന്ന് റേഷൻ കാർഡിൽ രേഖപ്പെടുത്തിയതാണ് കാരണമായി പറയുന്നത്. കലയപുരം ചരുവിള പുത്തൻവീട്ടിൽ തങ്കമണിയുടെ മകളാണ് മഞ്ജു. മഹേഷ്, മീനാക്ഷി, ലക്ഷ്മി, മെറിൻ ബി ജോൺ എന്നിവരാണ് മഞ്ജുവിന്റെ മക്കൾ. ഇവരിൽ നാലാമത്തെ മകൻ മെറിൻ ബി ജോൺ എന്നത് ഹിന്ദു പേരല്ലെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വാദം.

ഇതിന് മഞ്ജുവിന് മറുപടിയുണ്ട്.–‘‘എന്റെ അമ്മ തങ്കമണിയാണ് കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ ചേർത്തത്. പിതാവിന്റെ പേര് ചോദിച്ചപ്പോൾ എന്റെ അച്ഛൻ ജോണിന്റെ പേരാണ് അമ്മ നൽകിയത്. പേര് ജോൺ എന്നാണെങ്കിലും അച്ഛൻ ഹിന്ദുവായിരുന്നു.’’

7 വയസ്സുകാരനാണ് മെറിൻ. മെറിന്റെ പേരിലെ ‘ജോൺ’ മൂലം മൂന്നാമത്തെ മകൾ ലക്ഷ്മിക്കും ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. താനും രണ്ട് മക്കളും ഹിന്ദുവാണെങ്കിൽ ഇളയ മക്കൾക്ക് മറ്റൊരു ജാതി ലഭിക്കുമോ എന്നാണ് മഞ്ജുവിന്റെ ചോദ്യം. മഞ്ജുവിന്റെ ഭർത്താവ് ബിജുവും ഹിന്ദുവാണ്.

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വില്ലേജ് ഓഫിസറോട് നിർദേശിച്ചിട്ടുണ്ടെന്ന് തഹസീൽദാർ അറിയിച്ചു. സ്കൂളുകൾ തുറക്കുകയാണ്. മെറിനും ലക്ഷ്മിക്കും പട്ടികജാതി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള മാർഗം പോലും അധികൃതർ വ്യക്തമാക്കുന്നില്ല. ധിക്കാരപരമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് മഞ്ജുവിന്റെ പരാതി.