Mon. Dec 23rd, 2024
കോട്ടയം:

ജില്ലയിൽ ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപകമാക്കാൻ ഹോർട്ടികൾച്ചർ മിഷൻ. ഈ വർഷം നൂറേക്കർ സ്ഥലത്ത് ഡ്രാഗൺഫ്രൂട്ട് കൃഷിചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു.

ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി പാലായിലാണ്. എട്ട് ഏക്കറിലധികം സ്ഥലത്താണിത്. ജില്ലയിലെ സർക്കാർ അംഗീകൃത നേഴ്സറികളിൽനിന്നുള്ള തൈകളാണ് ഉപയോഗിക്കുക. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർക്ക് ഒരു ഹെക്ടറിന് മുപ്പതിനായിരം രൂപ സബ്സിഡിയും വിള ഇൻഷുറൻസും നൽകും.

കുറഞ്ഞത് 25 സെന്റ് മുതലുള്ളവർക്ക് സഹായം ലഭിക്കും. രണ്ടരയേക്കറിൽ 3000 തൈകൾവരെ കൃഷി ചെയ്യാം. കോഴയിലെ പരിശീലനകേന്ദ്രത്തിൽ ഓൺലൈൻ പരിശീലനമുണ്ട്. ഉൽപാദനം വർധിക്കുന്നതനുസരിച്ച് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രവുമായി ചേർന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനും പരിശീലനമുണ്ട്‌.

എല്ലാ ബ്ലോക്കുകളിലും കൃഷി സജീവമാക്കാനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി പറഞ്ഞു.