കണ്ണൂർ:
സംസ്ഥാന ലിറ്റിൽ സയന്റിസ്‌റ്റ് പുരസ്‌കാരം നേടിയ ലനയ്‌ക്ക് വീടൊരു സ്വപ്‌നമായിരുന്നു. ടാർപോളിൻ ഷീറ്റ് മറച്ച കുടിലിലാണ് മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിലെ കൊച്ചു ശാസ്‌ത്രകാരി കഴിയുന്നത്. ഏഴാംക്ലാസുകാരിയെ അഭിനന്ദിക്കാനെത്തിയപ്പോഴാണ് ജീവിത പ്രയാസം അധ്യാപകർ തിരിച്ചറിഞ്ഞത്.
ഉടൻ കെഎസ്‌ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതിയിൽ ലനയ്‌ക്ക് വീട് നിർമിക്കാൻ തീരുമാനമായി. അധ്യാപകരുടെ കൂട്ടായ്‌മയിൽ പണിത മനോഹരമായ വീട്ടിലാണ് ഇപ്പോൾ ലനയുടെ ജീവിതം.ദുരിതകാലത്ത് ജനത്തിന് കൈത്താങ്ങായിരുന്നു കെഎസ്‌ടിഎ.
സഹായിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചപ്പോൾ ഉള്ളതിൽ പാതി പകുത്ത് നൽകി. പഠനം ക്ലാസ് മുറിവിട്ടപ്പോൾ അതിനുള്ള സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങി. ഓൺലൈൻ ക്ലാസിനായി ടിവിയും സ്‌മാർട്ട് ഫോണും ടാബും സിം കാർഡും ഡാറ്റയും നൽകി. വീടൊരുക്കൽ, രക്തദാനം, സ്‌കൂളുകൾ ദത്തെടുക്കൽ എല്ലാറ്റിലും ഈ സംഘടനയുടെ കൈയൊപ്പുണ്ട്.
പഠനം ഓൺലൈനിലായപ്പോൾ ഫോണും ടാബും ടിവിയുമായി 2,13,61,750 രൂപയുടെ പഠനോപകരണങ്ങളാണ് അർഹരുടെ കൈളിലെത്തിച്ചത്. 750 നിർധന വിദ്യാർത്ഥികൾക്ക് നോട്ടുപുസ്‌തകവും പഠനോപകരണങ്ങളും നൽകി. പേരാവൂർ ആദിവാസി കോളിനിയിലെ 10 പേർക്ക് പഠനം സുഖകരമാക്കാൻ കസേരയും മേശയും എത്തിച്ചു.
നെറ്റ്‌വർക്കിന് പുറത്തായ വിദ്യാർത്ഥികൾക്ക് നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് കേബിൾ കണക്ഷനും ഡാറ്റയും ഒരുക്കിയത്. 1355 ഓക്‌സീമീറ്റർ, ഇരിട്ടി എഫ്‌എൽടിസിയിൽ 10 കട്ടിലും കിടക്കയും ആശാവർക്കർമാർക്ക് പ്രതിരോധ കിറ്റും 15 ഉപജില്ലയിലും ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റും മാസ്‌കും സാനിറ്റൈസറും നൽകി.
ഭക്ഷ്യസുരക്ഷക്കായി ചേറിലിറങ്ങി. പാനൂർ പൊയിലൂരിലെ ഓരേക്കർ വയലിൽ ഞാറ് നടാനിറങ്ങിയത് അധ്യാപികമാരാണ്. നെല്ല് കുത്തി അരിയാക്കി അശരണർക്ക് നൽകി.
ഈവർഷവും നെൽ കതിരിട്ടു. ഗവ അയ്യലത്ത് യുപി സ്‌കൂൾ വളപ്പിലെ ചേനയും മരച്ചീനിയും തവിടിശേരിയിലെ വഴുതിനയും അധ്യാപകരുടെ കഠിനാധ്വാനത്തിന്റെ കഥപറയുന്നു.
തലശേരി ഗോപാലപേട്ട ഗവ യുപി, മാടായി ഗവ എംയുപി, തയ്യിൽ വാർധ മോഡൽ ഗവ യുപി, വെങ്ങര മുട്ടം യുപി സ്‌കൂളുകളെ ദത്തെടുത്തു. ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച ഉണർവ് പദ്ധതിയിലാണ് കുട്ടികളുടെ പിന്നോക്കാവസ്ഥയ്‌ക്ക് പരിഹാരം കണ്ടതെന്ന് കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി വി പ്രസാദ് പറഞ്ഞു.