കോട്ടയം:
കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ (എഫ് സി കൗണ്ട്) പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ജല മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മീനച്ചിലാറിൽ അതിതീവ്രമാണ് വിസർജന മാലിന്യങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഫീക്കൽ കോളിഫോം സാന്നിധ്യം.
ഡിസംബറിൽ കോട്ടയം ട്രോപ്പിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ മീനച്ചിലാറ്റിലെ ആറുമാനൂർ, നാഗമ്പടം, പുന്നത്തുറ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിലെല്ലാം 2400 മുകളിലാണ് ഇതിൻ്റെ നിരക്ക്. കുമ്മനം, പാലാ, അടുക്കം എന്നിവിടങ്ങളിൽ 1100മാണ് എഫ് സി കൗണ്ട്.
ജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ പാടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോഴാണ് മീനച്ചിലാറിൽ ഇവ സകലപരിധിയും ലംഘിച്ചിരിക്കുന്നത്. ആദ്യ ലോക്ഡൗണിന് തൊട്ടുപിന്നാലെ ജൂലൈയിൽ നടത്തിയ പഠനത്തിൽ ഫീക്കൽ കോളിഫോം കുറവായിരുന്നു. നാഗമ്പടത്ത് ഒഴിച്ച് എല്ലായിടത്തും 1100 ആയിരുന്നു നിരക്ക്.
ഡിസംബറിൽ ഇത് പലയിടങ്ങളിലും 2400ന് മുകളിലെത്തി. വിസർജന മാലിന്യങ്ങളിൽനിന്നുള്ള ഇ-കോളി ജലത്തിൽ വ്യാപകമാണെന്നും തീവ്ര അമ്ലത്വസ്വഭാവം രൂക്ഷമാണെന്നും പഠനത്തിൽ കണ്ടെത്തി. ഇതിലൂടെ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗികൾ പകരുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മാലിന്യംനിറഞ്ഞ ജലം ഉപയോഗിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു.