Mon. Dec 23rd, 2024
നാഗർകോവിൽ:

കന്യാകുമാരി ജില്ലയുടെ അതിർത്തികളിലെ പ്രധാന ചെക്ക്പോസ്റ്റായ ആരുവാമൊഴി, കളിയിക്കാവിള ചെക്ക്പോസ്റ്റുകളിൽ ബുധനാഴ്ച വിജിലൻസ് ആന്‍റി കറപ്ഷൻ വിഭാഗം പരിശോധന നടത്തി.

ഇതിൽ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ നിന്നും കണക്കിൽ പെടാത്ത 14600 രൂപ വിജിലൻസ് പിടിച്ചെടുത്തു. കേരളത്തേയ്ക്ക് അനധികൃതമായി ധാതുലവണങ്ങളും,റേഷനരിയും കടത്തുന്നതിനെതിരെ പരാതികൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് തൂത്തുക്കുടി, കന്യാകുമാരി വിജിലൻസ് വിഭാഗം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയത്. അതേസമയം ആരുവാമൊഴി ചെക്ക്പോസ്റ്റിൽ നിന്നും ഒന്നും ലഭിച്ചില്ല.

വിജിലൻസ് ഡി എസ് പിമാരായ ഹെക്ടർ ധർമ്മരാജ്, പീറ്റർപോൾ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് വിഭാഗമാണ് പരിശോധന നടത്തിയത്. കളിയിക്കാവിളയിൽ പരിശോധന സമയത്ത് ഒരു എസ്‌ ഐയും നാല് പോലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

ഇതിന് മുമ്പും കളിയിക്കാവിള ചെക്ക്പോസ്റ്റിൽ നിന്നും അനധികൃതമായ പണം വിജിലൻസ് പിടികൂടിയിട്ടുണ്ട്​. വിശദമായ അന്വേഷണം നടത്തിയ ശേഷം ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.