Mon. Dec 23rd, 2024
കൊല്ലം:

18നും 40നും ഇടയിൽ പ്രായമുള്ള വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. നിലവിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്കു മാത്രമേ കുടുംബശ്രീയിൽ അംഗമാകാൻ കഴിയുകയുള്ളൂ.

കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം സ്ത്രീകൾക്കും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ ലഭിച്ചിരുന്നില്ല. നിലവിൽ 45 ലക്ഷത്തിലേറെ പ്പേർ കുടുംബശ്രീയിൽ അംഗങ്ങളാണ്.

ഇവരിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർ 10 ശതമാനം മാത്രമാണ്. ഈ വിഭാഗത്തെ കൂടുതലായി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ഈ ഗ്രൂപ്പുകളിൽ വീട്ടിൽ നിന്നു രണ്ടാമതൊരാൾക്ക് അംഗമാകാം.

സ്ത്രീധന പീഡനം ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമാണ് പുതിയ പദ്ധതി. വാർഡ് തലത്തിൽ എഡിഎസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. ‌ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം. ഒക്ടോബർ രണ്ടു മുതൽ സംസ്ഥാനത്തു പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും.

ഒരു വാർഡിൽ ഒരു ഗ്രൂപ്പ് വീതം ആദ്യം ഇരുപതിനായിരം ഗ്രൂപ്പുകളാണ് രൂപീകരിക്കുന്നത്. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലു പേർ കൂടി ഉണ്ടാവും.

കുടുംബശ്രീയുടെ ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്സ് സെന്റർ, സ്നേഹിത എന്നിവയുമായി യോജിച്ചാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം. തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, സംരംഭക സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.