Wed. Jan 22nd, 2025
വർക്കല:

20 ചാക്ക് അരി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വർക്കല വെട്ടൂർ വലയൻകുഴി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ അരിച്ചാക്കുകൾ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വെട്ടൂർ ഗ്രാമപഞ്ചായത്തംഗം എസ്‌ സുനിൽ സ്ഥലത്തെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

ഓട്ടോറിക്ഷയിലാണ് അരിച്ചാക്കുകൾ കൊണ്ടുവന്ന് കുറ്റിക്കാട്ടിൽ തളളിയതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമുളള കടയിൽ നിന്നും എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടാൻ ഏല്പിച്ചതാണെന്നാണ് ഡ്രൈവർ പൊലീസിനെ അറിയിച്ചത്. എന്നാൽ റേഷൻ കടയിൽ നിന്നുളള അരിയാണ് ഇത്തരത്തിൽ കൊണ്ടു തളളിയതെന്ന് സംഭവസ്ഥലത്ത് കൂടിയ നാട്ടുകാർ ആരോപിച്ചു.

സംഭവം കേട്ട്​ തടിച്ചുകൂടിയ തൊഴിലാളി സ്ത്രീകൾ അമർഷത്തോടെയാണ് സംഭവത്തിൽ പ്രതികരിച്ചത്. ജോലിയും കൂലിയുമില്ലാതെ കോറോണക്കാലത്ത് നാട്ടുകാർ കടുത്ത പ്രതിസന്ധിയെ നേരിടുമ്പോൾ ഇത്രയും ഭക്ഷ്യധാന്യം പാഴാക്കികളഞ്ഞത് നീതീകരിക്കാനാവില്ലെന്നും അഞ്ചോ പത്തോ രൂപ വിലകുറച്ച് തന്നിരുന്നെങ്കിൽ തങ്ങൾ വാങ്ങുമായിരുന്നെന്നും അവർ പറയുന്നു.

സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഇടപെടലിനെ തുടർന്ന് അരി കൊണ്ടു തളളിയ ഡ്രൈവർ തന്നെ അവ തിരിച്ചെടുത്ത് കൊണ്ടുപോയി.

അരിയുടെ സാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്കയക്കുമെന്നും പരിശോധനഫലം കിട്ടിയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.