ചേർത്തല ∙
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി – 81) വെള്ളിയാകുളത്തു നിന്ന് യാത്ര പുനരാരംഭിച്ചു. വൈകിട്ട് 5 കിലോമീറ്റർ താണ്ടി ദേശീയപാതയിൽ ചേർത്തല എക്സറെ കവലയ്ക്കു തെക്ക് ഭാഗത്ത് നിർത്തി. ഇന്നു രാവിലെ 6ന് യാത്ര തുടങ്ങും.
ദേശീയപാതയിൽ വലിയ തടസങ്ങൾ ഇല്ലെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷ. തണ്ണീർമുക്കത്തു നിന്ന് ശനിയാഴ്ച രാവിലെ മൾട്ടി ആക്സിൽ പുള്ളർ വാഹനത്തിൽ റോഡിലൂടെ പുറപ്പെട്ട ആദ്യ യാത്ര വൈകിട്ട് വെള്ളിയാകുളത്ത് സമാപിച്ചിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും യാത്ര തുടർന്നില്ല. ഇന്നലെ രാവിലെ 6ന് വെള്ളിയാകുളത്തു നിന്ന് യാത്ര പുനരാരംഭിച്ചു.
റോഡിൽ വൃക്ഷച്ചില്ലകളും വൈദ്യുത കമ്പികളും ഏറെയുള്ളതിനാൽ വൈകിയായിരുന്നു നഗരത്തിലൂടെ കടന്നുപോയത്. കപ്പൽ കാണാനും ചിത്രം പകർത്താനുമായി നൂറുകണക്കിനു പേർ വഴിയോരത്ത് കാത്തു നിന്നു. ഗതാഗത, വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.