ഗൂഡല്ലൂർ:
ദേവൻ എസ്റ്റേറ്റിലെ നരഭോജിയായ കടുവയെ പിടികൂടാനായില്ല. ദേവൻ ഒന്നിൽ ഞായർ വൈകിട്ട് മേഫീഡിൽ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ 4 ദിവസത്തിനുള്ളിൽ മൂന്നു പശുക്കളെയാണു കടുവ കൊന്നത്.
ആദ്യം കൊന്ന പശുവിന്റെ ജഡത്തിനു സമീപം രാത്രിയില്‍ കൂട് സ്ഥാപിച്ച് മയക്കു വെടി സംഘം കൂട്ടിൽ കയറി കടുവയെ കാത്തിരുന്നു. എന്നാൽ രണ്ടാമത് കടുവ കൊന്ന പശുവിന്റെ ജഡം തിന്നു കടുവ മടങ്ങി.കടുവയെ പിടികൂടുന്നതിനു ദൗത്യ സംഘത്തെ സഹായിക്കാനായി വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയുടെ 10 പേരടങ്ങിയ സംഘം എത്തിയിട്ടുണ്ട് കടുവയുടെ ആക്രമണം ചെറുക്കുന്ന സുരക്ഷാ കവചങ്ങൾ അണിഞ്ഞാണ് ഇവർ കടുവയെ തേടിയിറങ്ങിയത്.
ഇന്നലെ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തിയിരുന്നു.എന്നാൽ പിടികൂടാനായില്ല. ഉച്ചയോടെ പെയ്ത കനത്ത മഴ തിരച്ചിൽ സംഘത്തെ വലച്ചു.
കടുവ വനത്തിലേക്കു കയറാനുള്ള സാധ്യതയില്ല. ദേവൻ ഒന്നിലും പരിസര പ്രദേശങ്ങളിലുമായാണു കടുവയുടെ സഞ്ചാരം. ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ ഇവിടം സന്ദർശിച്ചു നടപടികൾ വിലയിരുത്തി.
ദേവൻ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. ഈ ഭാഗത്തേക്കുള്ള ബസ് സർവീസും നിർത്തി വച്ചു.