വെള്ളനാട്:
കെഎസ്ആർടിസി വെള്ളനാട് ഡിപ്പോയ്ക്കു മുന്നിലെ കരിങ്കൽ കെട്ട് മഴയിൽ തകർന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ ആണ് ഒന്നര വർഷം മുൻപ് കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. ശക്തമായ മഴയിൽ വെളളം കുത്തിയൊലിച്ച് എത്തുന്നതിനെ തുടർന്ന് ഓടയുടെ അടിയിലെ മണ്ണ് ഒലിച്ച് പോയതിനെ തുടർന്നാണ് കെട്ടിനു നാശം ഉണ്ടായത്.
മുൻപ് വെള്ളനാട്-ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡിന്റെ നവീകരണത്തിനിടെ വീതി കൂട്ടാനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ മുൻവശത്തെ സംരക്ഷണ ഭിത്തിയുടെ കുറച്ച് ഭാഗം പൊളിച്ചിരുന്നു.
ഡിപ്പോ അധികൃതരുടെ പരാതിയിൽ ശശിയെയും മണ്ണുമാന്തി ഡ്രൈവർ എറണാകുളം കോതമംഗലം സ്വദേശി അജിത്തിനെയും പൊതുമുതൽ സംരക്ഷണ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ശേഷമാണു കെഎസ്ആർടിസി അധികൃതർ വീണ്ടും സംരക്ഷണ ഭിത്തി കെട്ടിയത്.
ഇപ്പോൾ തകർന്ന കരിങ്കൽ കെട്ട് ഉടനടി ശരിയാക്കുമെന്നും ഡിപ്പോയുടെ മുൻവശത്ത് കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് വരുന്നതിനാൽ ഈ സമയം മുൻവശത്തെ സംരക്ഷണ ഭിത്തി മുഴുവൻ പൊളിച്ച് നിർമിക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.