Sat. Jan 18th, 2025
കണ്ണൂർ:

കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സൈറ്റോളജി പരിശോധനാ വിഭാഗം വരുന്നു. കോശ പരിശോധനയിലൂടെ രോഗ നിർണയം നടത്തുന്ന സൈറ്റോളജി വിഭാഗത്തിനായി കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. ക്യാൻസർ അടക്കമുള്ള രോഗ നിർണയ പരിശോധനയുടെ സംവിധാനമാണ് ഒരുങ്ങുന്നത്.

64 ലക്ഷം രൂപ പദ്ധതി വിഹിതമുപയോഗിച്ച് രണ്ട് നില കെട്ടിടത്തിന്റെ മേൽ ഒരു നിലയുടെ നിർമാണ പ്രവൃത്തിയാണ് നടക്കുന്നത്. താഴത്തെ നിലയിൽ സാമ്പിൾ കളക്ഷൻ ഏരിയയും വെയിറ്റിങ് ഏരിയയും വിപുലീകരിക്കുന്നുമുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ 50 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി.

2010ൽ പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റീജണൽ ലാബ് സ്ഥാപിച്ചത്. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ പരിശോധന ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ലാബ് 2011 ലാണ് ചിന്മയ ബാലഭവന്റെ പരിസരത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.

സ്വകാര്യ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കാണിവിടെ.രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ, മൂത്രം, കൾച്ചർ പരിശോധന, ക്ഷയരോഗം, മലേറിയ, ലവണം, വൃക്ക, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളുണ്ട്.സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ വൈകല്യങ്ങൾ തിരിച്ചറിയാനുള്ള നാല് പരിശോധനകളും ഇവിടെയുണ്ട്.

കഴിഞ്ഞ നവംബർ മുതൽ സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന സാമ്പിളുകളുടെ കോവിഡ് ആർടിപിസിആർ, ട്രൂറ്റ് നാറ്റ് പരിശോധനകളും നടത്തുന്നുണ്ട്‌.