Wed. Jan 22nd, 2025
ഇരിട്ടി:

കീഴൂരിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം ആയിട്ടും കാബിൻ പണിക്കു ഫണ്ട് അനുവദിക്കാതെ റജിസ്ട്രേഷൻ വകുപ്പ് അവഗണന. ഇതേ തുടർന്ന് ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ദീർഘ കാലത്തെ ആവശ്യങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണു മുഖ്യമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തി കെട്ടിടം നിർമാണം തുടങ്ങിയത്.

കീഴൂരിൽ ടിസി റോഡിന് അഭിമുഖമായി റജിസ്‌ട്രേഷൻ വകുപ്പിനു സ്വന്തമായി ഉണ്ടായിരുന്ന 25 സ്ഥലത്തു വേഗത്തിൽ തന്നെ പുതിയ കെട്ടിടം തയാറായി. കെട്ടിടത്തിനുള്ളിൽ റജിസ്ട്രാറുടെ മുറിയുടെ കാബിൻ തിരിക്കുന്ന ഫാബ്രിക്കേഷൻ പണി മാത്രമാണു അവശേഷിച്ചിട്ടുള്ളത്. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാനാകുന്ന ഈ പണിക്കു ഫണ്ട് അനുവദിക്കുന്നതിനു റജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കാത്തതാണു തടസ്സം എന്നാണു പരാതി.

ഒന്നര കോടി രൂപയോളം മുടക്കി പൂർത്തീകരിച്ച കെട്ടിടത്തിനുള്ളിൽ ചെറിയ തുകയുടേതാണ് ഇനി അവശേഷിപ്പിച്ച പ്രവൃത്തി. കാബിൻ ഒഴികെയുള്ള മറ്റു ഫർണിച്ചർ നിലവിലുണ്ട് താനും. 2018 സെപ്റ്റംബർ 24 മുതൽ വള്ള്യാട് ജനങ്ങൾക്കു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശത്തു വാടക കെട്ടിടത്തിലാണു സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.