Fri. Nov 22nd, 2024

വൈപ്പിൻ∙

ചെറായി അടക്കമുള്ള ബീച്ചുകളിലെത്തുന്ന സന്ദർശകരിൽ പലരും കടലിലിറങ്ങുന്ന കാര്യത്തിൽ പലപ്പോഴും പരിധി ലംഘിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രധാന ബീച്ചിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും മാറി കുളിക്കാനിറങ്ങുന്നതാണു പലപ്പോഴും വിനയാകുന്നത്. സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബീച്ച് ഗാർഡുകളുള്ള തീരമാണു ചെറായിയെങ്കിലും പ്രധാന ബീച്ചിൽ നിന്നു വടക്കോട്ടോ തെക്കോട്ടോ ഏറെ ദൂരത്തേക്കു മാറി കുളിക്കാനിറങ്ങുന്നവർ ഏറെയാണ്.

ബീച്ചിന്റെ പ്രധാന ഭാഗത്തു കല്ലുകൾ നിറഞ്ഞു കിടക്കുന്നതും ഇതിനുളള കാരണമാണ്. ദൂരേക്കു മാറി കുളിക്കാനിറങ്ങി അപകടത്തിൽപെട്ടാൽ ബീച്ച് ഗാർഡുകളുടെ കണ്ണിൽപെടില്ലെന്നതും അവർക്ക്  അപകടസ്ഥലത്തേക്കു പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ലെന്നതുമാണ് പ്രശ്നം. അടുത്തിടെ ഇടുക്കി സ്വദേശിയായ യുവാവ് ഇത്തരത്തിൽ ചെറായി ബീച്ചിൽ അപകടത്തിൽപെട്ടിരുന്നു.

കരയിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന്  കിട്ടിയ വാഹനത്തിൽ  പാഞ്ഞെത്തിയാണ് 5 ഗാർഡുമാർ ചേർന്നു സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ തിരമാലകളിൽപെട്ടു കഴിഞ്ഞാൽ ഒരു നിമിഷം പോലും വിലപ്പെട്ടതായതിനാൽ എപ്പോഴും  ഇത്തരത്തിൽ ഭാഗ്യം തുണയ്ക്കില്ലെന്നു ഗാർഡുമാർ ചൂണ്ടിക്കാട്ടുന്നു. വൈപ്പിനിലെ ബീച്ചുകൾ സുരക്ഷിതമാണെന്നാണു പൊതുവേയുള്ള  ധാരണയെങ്കിലും അപകടക്കെണിയുള്ള പ്രദേശങ്ങളും ഉണ്ട്.

വിദേശികളായ വിനോദസഞ്ചാരികൾ ഗാർഡുമാരോടോ പരിസരവാസികളോടോ കാര്യങ്ങൾ ചോദിച്ചറിഞ്ഞാണു കടലിലിറങ്ങുക. ബീച്ചിലെത്തിയയുടൻ നേരെ കടലിലേക്ക് എടുത്തുചാടുന്നതാണു നാട്ടുകാരായ സന്ദർശകരുടെ രീതി. മദ്യലഹരിയിൽ കുളിക്കാനിറങ്ങുന്നതും അപകടത്തിന് ഇടയാക്കുന്നു.

കോവിഡിനെത്തുടർന്ന് ഏറെക്കാലമായി ബീച്ചുകൾ അടഞ്ഞു കിടന്നതിനാൽ ഇപ്പോൾ എത്തുന്ന സന്ദർശകരിൽ പലരും ദീർഘനേരം കടലിൽ ചെലവഴിക്കുന്നതും മതിമറന്ന് ഉല്ലസിക്കുന്നതും പതിവാണ് . ഇതും പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു . ചെറായി ഒഴിച്ചുള്ള ബീച്ചുകളിലൊന്നും ഗാർഡുമാരുടെ സേവനവുമില്ല.