Mon. Dec 23rd, 2024

കൊച്ചി:

പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകൾ പുറത്ത്. ലണ്ടനിൽ നിന്ന് പണം എത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിർമ്മിച്ച വ്യാജ രേഖകളാണ് പുറത്ത് വന്നത്. ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചു.

പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും അതിനാൽ താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്.

പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പരാതി നൽകിയത്. ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നതബന്ധങ്ങളും ഉപയോഗിച്ചാണ് മോൻസൻ തട്ടിപ്പ് നടത്തിയത്.