കളമശ്ശേരി:
കൊച്ചിൻ കാൻസർ റിസർച് സെൻറർ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കാനുള്ള സമഗ്ര വികസന രൂപരേഖ സർക്കാറിന് സമർപ്പിച്ചു. കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനായി വിവിധ സംവിധാനങ്ങൾ ഒരുക്കാനും ചികിത്സ നിർണയത്തിനുള്ള നൂതന ഉപകരണങ്ങൾക്കുമായി 928 കോടി രൂപ ചെലവുവരുന്ന വികസനരേഖയാണ് സമർപ്പിച്ചത്. ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളിൽ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിരേഖയിൽ നിർദേശമുണ്ട്.
ഇതുവഴി ആശുപത്രിയിലെ തിരക്ക് 40 ശതമാനം കുറക്കാനാകുമെന്ന് ഡയറക്ടർ ഡോ പിജി ബാലഗോപാൽ പറഞ്ഞു. ഉപകേന്ദ്രങ്ങളിൽ തുടർപരിചരണത്തിനുള്ള സൗകര്യം, ഡേകെയർ കീമോതെറപ്പി, ടെലിമെഡിസിൻ, ഓപറേഷൻ തിയറ്റർ എന്നീ സൗകര്യങ്ങൾ ഉണ്ടാകും. രോഗികൾക്കായി മൊബൈൽ ആപ് അടുത്തമാസം മുതൽ ആരംഭിക്കും.
ഇതുവഴി രോഗികൾക്ക് ഡോക്ടറുമായി വീട്ടിലിരുന്ന് ചികിത്സ തേടാനാകുമെന്നും പറഞ്ഞു. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ രണ്ട് സർജിക്കൽ ഓങ്കോളജിസ്റ്റിനെയും ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റിനെയും ബോണ്ട് അടിസ്ഥാനത്തിൽ ഉടൻ നിയമിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു പാത്തോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, സ്പീച് പാത്തോളജിസ്റ്റ് എന്നിവരെ അടുത്ത മാസം നിയമിക്കുമെന്നും ഡയറക്ടർ പറഞ്ഞു.