അമ്പലപ്പുഴ:
സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസ് പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്നവരിൽ രണ്ടുപേർ മത്സ്യത്തൊഴിലാളികളല്ലെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ച് റിപ്പോർട്ട്. കന്യാകുമാരി തേങ്ങാപ്പട്ടണം കാരക്കാണിയിൽ വിനോ (34), ചിന്നത്തുക്കരെ അന്നമ്മാൾസ്ട്രീറ്റിൽ ജ്ഞാനദാസ് (39), പൈങ്കുളം മുക്കാട് പുതുവിളയിൽ വീട്ടിൽ വിജു (28) എന്നിവർക്ക് പുറമേ പോണ്ടിച്ചേരി സ്വദേശി പത്മിനി നഗറിൽ കുറുകുപ്പം മാർവാഡി സ്ട്രീറ്റിൽ ഏഴുമലൈ (40) എന്നിവരാണ് തിര -2 എന്ന ലക്ഷദ്വീപ് രജിസ്‌ട്രേഷനിലുള്ള ബോട്ടിൽ നിന്ന് പിടിയിലായത്.
തമിഴ്‌നാട് സ്വദേശികളിൽ വിനോ ഒഴിച്ചുള്ള രണ്ടുപേരും മത്സ്യത്തൊഴിലാളികല്ലെന്ന് ക്യൂബ്രാഞ്ച് തോട്ടപള്ളി തീരദേശ പൊലീസിനെ അറിയിച്ചു. വിനോ മത്സ്യ തൊഴിലാളിയാണങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ട ആളാണ്. ഏഴുമലെെയുമായി ബന്ധപ്പെട്ട പോണ്ടിച്ചേരി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വഷണ റിപ്പോർട്ട് ലഭ്യമായിട്ടില്ല.
മത്സ്യബന്ധന പെർമിറ്റ് പിടിയിലായവർ കാണിച്ചെങ്കിലും വലകളോ മറ്റ് ഉപകരണങ്ങളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.ബോട്ടുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഇവർക്ക് നൽകാനായില്ല. കൂടാതെ ഒരാൾ കയറിനിന്നാൽ പോലും പുറമേ കാണാനാകാത്ത വലിയ അറകളും ദുരൂഹത ഉണർത്തുന്നുണ്ട്.
മനുഷ്യക്കടത്ത് പോലുള്ളവയ്‌ക്ക് വേണ്ടി ബോട്ട് ഉപയോഗപ്പെടുത്തിയോ എന്നും സംശയമുണ്ട്. മത്സ്യബന്ധനത്തിന് എത്തിയവരാണെന്നും യന്ത്രത്തകരാർ മൂലം കൊച്ചിയിൽ കുടുങ്ങിയെന്നും ഇത് പരിഹരിച്ച് കുളച്ചിലിലേയ്‌ക്ക് മടങ്ങുക ആയിരുന്നുവെന്നുമാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.
ബോട്ടുടമയായ ലക്ഷദ്വീപ് സ്വദേശി ഇബ്നു സിയാദ് പൊലീസിനെ ഫോണിൽ ബന്ധപ്പെട്ട് ബോട്ട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരിട്ടുഹാജരാകാനുള്ള പൊലീസ് നിർദേശം പക്ഷേ ഇയാൾ അംഗീകരിച്ചിട്ടില്ല. പിടിയിലായവർ നൽകുന്നത് പരസ്‌പര വിരുദ്ധമൊഴികളാണ്.
ഞായറാഴ്‌ച രാവിലെ 9.15 ഓടെയാണ് വട്ടച്ചാൽ തീരത്തിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ബോട്ട് കസ്‌റ്റഡിയിലെടുത്തത്. നിലവിൽ വലിയഴീക്കൽ തീരത്തു സൂക്ഷിച്ചിരിക്കുന്ന ബോട്ടിന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.