കൽപറ്റ:
പരിക്കേറ്റതും പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്നതുമായ വന്യമൃഗങ്ങൾക്കായി വനംവകുപ്പ് ഒരുക്കുന്ന ആതുരാലയത്തിൻറെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾക്കായാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ പച്ചാടിയിൽ പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റ് ഒരുങ്ങുന്നത്. കേരളത്തിലാദ്യമായാണ് വനംവകുപ്പിൻറെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ വനംവകുപ്പിൻറെ ഉപേക്ഷിക്കപ്പെട്ട വനലക്ഷ്മി കുരുമുളക് പദ്ധതി പ്രദേശത്ത് 90 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രത്തിൻറെ നിർമാണം. പൂർത്തിയാകുന്നതോടെ കടുവ, പുലി അടക്കമുള്ള നാല് മൃഗങ്ങളെ വരെ ഒരേസമയം ഇവിടെ സംരക്ഷിക്കാനാകും. പരസ്പരമുള്ള സംഘട്ടനത്തിൽ പരിക്കേറ്റ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതിപരത്തുന്നതും പ്രായാധിക്യത്താൽ പുറത്തിറങ്ങുന്നതുമായി കടുവ, പുലി എന്നിവയാണ് പിടികൂടി ഇവിടെയെത്തിക്കുക.
തുടർന്ന് സുഖംപ്രാപിച്ച ശേഷം ആരോഗ്യനില അനുസരിച്ച് ഒന്നുകിൽ മൃഗശാലയിലേക്ക് മാറ്റുകയോ, അല്ലെങ്കിൽ വനത്തിൽ തന്നെയോ തുറന്നുവിടുകയോ ചെയ്യും. പിടികൂടുന്ന മൃഗങ്ങളെ സംരക്ഷിക്കന്നതിനായി കേന്ദ്രത്തിൽ ഇരുഭാഗങ്ങളിലുമായി രണ്ടു വീതം മുറികളണ്ട്. ഇവയോടു ചേർന്ന് 500 ചതുരശ്ര അടിവരുന്നതും ചുറ്റിലും ചെയിൻ ഫെൻസിങ്ങിൽ സുരക്ഷിതമാക്കിയതുമായ പ്രദേശവും സജ്ജമാക്കും.
കേന്ദ്രത്തിനുചുറ്റും സംരക്ഷണാർഥം കിടങ്ങും നിർമിച്ചിട്ടുണ്ട്. ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാട്ടേഴ്സുകളുടെയും ഇവിടെയെത്തിക്കുന്ന മൃഗങ്ങൾക്കുള്ള ഭക്ഷണം സംഭരിച്ചുവെക്കുന്നതിനുള്ള മുറിയുടെയും കുടിവെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെയും പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. അടിയന്തരഘട്ടത്തിൽ പരിക്കേറ്റ കടുവ, പുലി പോലുള്ള മൃഗങ്ങളെ ചികിത്സിക്കാനായി യൂനിറ്റ് ഉപയോഗിക്കാനാകുമെന്നും അടുത്തമാസം അവസാനത്തോടെ കേന്ദ്രം പൂർണമായും ഉപയോഗപ്പെടുത്താനാകുമെന്നും വന്യജീവിസങ്കേതം മേധാവി എസ് നരേന്ദ്രബാബു പറഞ്ഞു.