Fri. Nov 22nd, 2024
പൊന്നാനി:

കടലിന്റെയും പുഴയുടെയും മറ്റ് ജലാശയങ്ങളുടെയും ചലനങ്ങൾ അതത് സമയങ്ങളിൽ തിരിച്ചറിഞ്ഞ് ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരാതെ കാത്തു സൂക്ഷിക്കാൻ പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ആലോചന. ഉദ്യോഗസ്ഥ സംഘം പൊന്നാനിയിലെത്തി. ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പൊന്നാനി യോജ്യമെന്ന് ആദ്യ വിലയിരുത്തൽ.

തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം ലഭ്യമാക്കാൻ നടപടികൾ തുടങ്ങും.ഇതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന് പൊന്നാനി എംഎൽഎ പി നന്ദകുമാർ നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന നടന്നത്.

ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖലാ ഓഫിസ് തന്നെ പൊന്നാനിയിൽ സ്ഥാപിക്കാനാണ് നീക്കം. പുഴയിലെയും കടലിലെയും പഠനവും ആഴം കൂട്ടൽ നടപടികൾക്ക് അതത് സമയങ്ങളിലെ ഇടപെടലും ജലാശയങ്ങളിലെ മാറ്റം ഉടൻ തന്നെ സർക്കാരിനെ അറിയിക്കുന്നതിനും കേന്ദ്രം നിർണായക പങ്കുവഹിക്കും.ജില്ലയുടെ തീരപ്രദേശത്തിന്റെ ചലനങ്ങൾ കൃത്യമായ പഠനത്തിനും പരിശോധനകൾക്കും വിധേയമാക്കുകയാണ് ലക്ഷ്യം.

ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ഡൈവിങ് പരിശീലനം, കടൽ ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം തുടങ്ങിയ കോഴ്സുകളായിരിക്കും ആദ്യഘട്ടത്തിൽ തുടങ്ങുക.തീരദേശത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉൾക്കൊണ്ട് കടലാക്രമണത്തെ പ്രതിരോധിക്കാൻ ശാശ്വതമായ മാർഗം, കടൽ ഭിത്തിയുടെ സാധ്യത തുടങ്ങിയവ കൃത്യമായി പരിശോധിക്കാൻ സാധിക്കും.

നിലവിൽ കടലിന്റെയും പുഴയുടെയും മാറ്റങ്ങൾ തിരിച്ചറിയാനും ആവാസ വ്യവസ്ഥ തകരുന്നത് തടയാനും തീരദേശത്ത് ഒരു മാർഗവുമില്ല. ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖലാ മറൈൻ സർവേയർ വർഗീസ്, മധു, പി നന്ദകുമാർ എംഎൽഎ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.