Mon. Dec 23rd, 2024

പാലക്കാട് ∙

പാലക്കാട് ഐഐടിയിൽ ആദ്യത്തെ പിഎച്ച്ഡി ബിരുദവും എംടെക്, എംഎസ്‌സി ആദ്യബാച്ചിന്റെ ബിരുദങ്ങളും കൈമാറി. കേ‍ാവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം ചടങ്ങ് നടക്കാത്തതിനാൽ രണ്ടു വർഷങ്ങളിലെയും ബിരുദദാനം ഇത്തവണയായിരുന്നു. എംഎസ്, ബിടെക് ഉൾപ്പെടെ മെ‍ാത്തം 238 ബിരുദങ്ങൾ ചടങ്ങിൽ കൈമാറി.

പിഎം അഭിലാഷിനാണ് ആദ്യ പിഎച്ച്ഡി. മെക്കാനിക്കൽ എൻജിനീയറിങ്ങിലാണിത്. ഐഐടി ഒ‍ാഡിറ്റേ‍ാറിയത്തിൽ നടന്ന ചടങ്ങിൽ മുരുഗപ്പ ഗ്രൂപ്പ് മുൻ ചെയർമാൻ എംഎ മുരുഗപ്പൻ മുഖ്യാതിഥിയായി. ഐഐടി ഭരണസമിതി ചെയർമാൻ രമേഷ് വെങ്കിടേശ്വൻ അധ്യക്ഷനായി.

ഐഐടി ഡയറക്ടർ പ്രഫ. പിബി സുനിൽകുമാർ പ്രസംഗിച്ചു. ചടങ്ങിൽ നേരിട്ടു പങ്കെടുത്ത 123 വിദ്യാർ‌ത്ഥികൾക്ക് ഐഐടി ഡയറക്ടർ ബിരുദം നൽകി. നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തവർക്കു വെർച്വൽ രീതിയിൽ മുരുഗപ്പൻ ബിരുദം നൽകി.

എംടെക്കിൽ ഷിധിൻടേ‍ാം, എംഎസ്‌സിയിൽ ജ്യേ‍ാതി യാദവ് എന്നിവർ മികച്ച വിദ്യാർത്ഥികൾക്കുള്ള മെഡൽ നേടി.  ബിടെക്കിൽ 2020 ബാച്ചിൽ വിശാൽചൗധരിക്കും ഈ വർഷം പാമു അഭിതേജിനുമാണു മികച്ച വിദ്യാർത്ഥികൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെഡലുകൾ.