Mon. Dec 23rd, 2024
കാസര്‍കോട്:

കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം (boat) കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങി. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി.

ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി.മൂന്നുപേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു.

മരങ്ങള്‍ വീണും മണ്ണിടിഞ്ഞു വിശാഖപട്ടണത്ത് അടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്.

മുംബൈയിലും പൂനെയിലും കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്.ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു. നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.