Fri. Nov 22nd, 2024

ചെങ്ങന്നൂർ ∙

ഒഴുകി പാഴാകുന്ന മഴവെള്ളത്തെ മണ്ണിലാഴ്ത്താൻ നീരുറവ് പദ്ധതിയുമായി പുലിയൂർ പഞ്ചായത്ത്. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിയിലേക്കിറക്കുക വഴി ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്തുകയാണു ലക്ഷ്യമിടുന്നത്. ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്കിലെ പുലിയൂർ പഞ്ചായത്തിനെയാണ് പൈലറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

പഞ്ചായത്ത് ഒന്നാം വാർഡിലെ തുലാക്കുഴി നീർച്ചാലിലും അനുബന്ധ ഭാഗങ്ങളിലുമായാണ് പുനരുജ്ജീവനം നടത്തുക. നാലു വാർഡുകളിലായി 397 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമാകും.  നീർത്തടത്തെ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാക്കി അനുയോജ്യമായ പരിപാലനപ്രവൃത്തികളിലൂടെ സമഗ്ര പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.

പ്രദേശത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് വൃഷ്ടി പ്രദേശങ്ങളിൽ വേണ്ട ഇടപെടലുകൾ നടത്തിയാകും പദ്ധതി നടപ്പാക്കുക. വെള്ളപ്പൊക്ക നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം എന്നിവയും ഇതിലൂടെ സാധ്യമാകും. ജലക്ഷാമത്തിനുള്ള ശാശ്വത പരിഹാരമാർഗം എന്ന നിലയിൽ പദ്ധതി ഏറെ പ്രസക്തമാണ്.