Sun. Apr 27th, 2025
കോഴിക്കോ‌ട്:

കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാ‍ർത്തിക്കും സലീമുമാണ് മരിച്ചത്.അപകട സമയത്ത് സലീമും കാ‍ർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.

കാ‍ർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നില അതീവ ​ഗുരുതരമാണ്.

പരിക്കേറ്റ ജീവാനന്ദം എന്ന തൊഴിലാളിയും ചികിത്സയിലുണ്ട്.അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു. അപകട സമയത്ത് അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ പറഞ്ഞു.