തിരുവനന്തപുരം:
തടവുകാരുടെ ഫോൺവിളിയുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ പൊലീസ് അന്വേഷണത്തിന് ശിപാർശ. ജയിൽ ഡി ജി പി ഷെയ്ഖ് ദർവേശ് സാഹിബാണ് ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തര സെക്രട്ടറി ടി കെ ജോസിന് ശിപാർശ നൽകിയത്.
ജയിൽ മേധാവി ജയിലിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ഈ ശിപാർശ. ഫോൺവിളി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും സൂപ്രണ്ടിെൻറ നടപടികൾ അന്വേഷിച്ചേക്കും.
ജയിൽ മേധാവി നടത്തിയ അന്വേഷണത്തിൽ സുരക്ഷയെ അടക്കം ബാധിക്കുന്ന നിരവധി ക്രമക്കേട് കണ്ടെത്തിയിരുന്നു. തടവുകാരുടെ ഫോൺവിളി സംബന്ധിച്ച് ഉത്തരമേഖലാ ജയിൽ മേധാവി വിനോദ് കുമാറിെൻറ അന്വേഷണ റിപ്പോർട്ടിെൻറ ഭാഗമായും ജയിൽ മേധാവി കഴിഞ്ഞദിവസം സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ജയിൽ സൂപ്രണ്ടിനെതിരെ കർശന നടപടിയിലേക്ക് നീങ്ങുന്നെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. മുമ്പ് നാലുതവണ സസ്പെൻഷനിലായ സുരേഷ് സർക്കാറിനെതിരായി പ്രവർത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിൽ മേധാവി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.
കൊലക്കേസ് പ്രതികളായ കൊടി സുനി, റഷീദ് എന്നിവരുമായി സൂപ്രണ്ട് അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ് സൂപ്രണ്ടിന്റെ ഓഫിസിൽ ഇരുന്ന് പോലും ഫോൺ ചെയ്തതായി കണ്ടെത്തലുണ്ട്. സൂപ്രണ്ടിെന സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഡിഐജി ശിപാർശ ചെയ്തിരുന്നു. അതിന് മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.