റാന്നി:
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ 7.30 ലക്ഷം രൂപ രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ്റെ ഉത്തരവ്. തൊടുപുഴ മാത്തൻപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയമ്മയും അഞ്ച് മക്കളും ചേര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രി, നെഫ്രോളജിസ്റ്റ് ഡോ മനു ജി കൃഷ്ണന്, തൊടുപുഴ ചാഴികാട്ട് ആശുപത്രി എന്നിവരെ എതിർകക്ഷികളാക്കി പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ ഫയൽ ചെയ്ത ഹരജിയിലാണ് വിധി.
വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കി. വിജയമ്മയുടെ ഭർത്താവ് കൃഷ്ണൻകുട്ടിയെ പ്രമേഹത്തിെൻറയും വൃക്കസംബന്ധമായ അസുഖത്തിെൻറയും പേരിൽ ചാഴികാട്ട് ആശുപ്രതിയിൽ 2014ൽ അഡ്മിറ്റ് ചെയ്തിരുന്നു. ഡോ മനു ജി കൃഷ്ണൻ ആ കാലഘട്ടത്തിൽ ചാഴികാട്ട് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
മരുന്നുകൾക്ക് രോഗിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ഇനിയും ചികിത്സ ആവശ്യമില്ലെന്നും തൊടുപുഴ ആശുപത്രിയിൽതന്നെ മനസ്സിലായിട്ടും ഡോ മനു സാമ്പത്തികലാഭം ലക്ഷ്യമിട്ട് പുഷ്പഗിരി ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയെന്നായിരുന്നു പരാതി. 2014 ജൂൺ ആറിന് പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റാക്കിയ കൃഷ്ണൻകുട്ടി ജൂൺ 23ന് ആശുപത്രിയിൽ മരണപ്പെട്ടു. പുഷ്പഗിരിയിൽ കാര്യമായ ഒരു ചികിത്സയും കൊടുത്തിരുന്നില്ല.
പുഷ്പഗിരി ആശുപ്രതി ചികിത്സച്ചെലവിലേക്ക് വാങ്ങിയ 2.25 ലക്ഷം രൂപ തിരിച്ചുകൊടുക്കാനും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായും 5000 രൂപ കോടതിച്ചെലവായും മൊത്തം 7,30,000 രൂപ പുഷ്പഗിരി ആശുപ്രതിയും ഡോ മനു ജി കൃഷ്ണനും ചേർന്ന് ഹരജികക്ഷികൾക്ക് കൊടുക്കാനുമാണ് വിധി. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ ഷാജിതാബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.