Mon. Dec 23rd, 2024
തലക്കുളത്തൂർ:

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടാനുള്ളതാണോയെന്ന് ചോദിച്ചാല്‍ അല്ല എന്നാകും അനുഭവമുളളവരുടെ ഉത്തരം. പക്ഷേ, തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ചാലോ.അങ്ങനെയൊരു തോറ്റ സ്ഥാനാര്‍ത്ഥിയുണ്ട് കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തില്‍.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബാലനാണ് താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചോദിച്ചിറങ്ങിയ ബാലന്‍ അണ്ടിക്കോടെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ആവശ്യം ഒന്നേയുള്ളൂ.ഒരു നടപ്പാത മാത്രം. ജയിച്ചാലും തോറ്റാലും നടപ്പാത വന്നിരിക്കുമെന്ന് അന്ന് നല്‍കിയതാണ് ഉറപ്പ്.

തിരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ബാലന്‍ പിന്തിരിഞ്ഞില്ല. പ്രവാസികളുടെ സഹായത്തോടെ ഒന്നാന്തരം നടപ്പാത തന്നെ പണിതു കൊടുത്തു. വാഗ്ദാനം നിറവേറ്റുമെന്നൊന്നും നാട്ടുകാരും ചിന്തിച്ചിരുന്നില്ല. എം കെ രാഘവന്‍ എം പിയാണ് നടപ്പാത ഉദ്ഘാടനം ചെയ്തത്.