Fri. Nov 22nd, 2024
പാമ്പാടി:

ദിവസവും പശുവിന്റെ 6 ലീറ്റർ പാൽ കറക്കും, തുടർന്ന് 50 ഇറച്ചിക്കോഴികളുടെ പരിപാലനം, പുറമേ വീട്ടിലേക്ക് ആവശ്യമുള്ള അത്യാവശ്യ ഭക്ഷ്യവിളകളുടെ കൃഷിയും. ഏതെങ്കിലും ചെറുകിട കർഷകന്റെ ദിനചര്യയാണിതെന്നു കരുതിയാൽ തെറ്റി. പത്താംക്ലാസ് വിദ്യാർഥി അജിൻ ജോസിന്റെ 2 വർഷമായുളള കൃഷി‘പാഠ’മാണിത്.

പാമ്പാടി എംജിഎം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണു കാനം കൂനംവേങ്ങ പഴവരിക്കൽ അജിൻ ജോസ്. ലോക്ഡൗൺ കാലത്തിനു മുൻപേ അജിൻ വീട്ടിലേക്ക് ആവശ്യമായ കൃഷികൾ റബർത്തോട്ടത്തിന് ഇടയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പരീക്ഷിച്ചിരുന്നു. ഏതാനും മൂട് നന കിഴങ്ങ്, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയവയായിരുന്നു കൃഷി. ഇവയുടെ വിളവു ലഭിച്ചതോടെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവിളകളുടെ ചെറുതായുള്ള കൃഷി തുടർന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണു വീട്ടിലെ എച്ച്എഫ് പശുവിന്റെ കറവയിലേക്ക് അജിൻ കൈവച്ചത്. 10 ലീറ്റർ പാൽ വരെ നിമിഷനേരം കൊണ്ട് അജിൻ കറക്കും. പശുവിന്റെയും കിടാവിന്റെയും പരിപാലനം ഇപ്പോൾ അജിൻ തനിച്ചാണു ചെയ്യുന്നത്.

പുലർച്ചെ 4.30ന് എഴുന്നേൽക്കും. പശുവിനെ കുളിപ്പിച്ചു വൃത്തിയാക്കി രാവിലെ കറവ നടത്തും. ആറുമണിയോടെ അജിന്റെ ചേട്ടൻ ഡിപ്ലോമ വിദ്യാർഥിയായ അജോ പാൽ സ്റ്റോറിൽ എത്തിക്കും.രാവിലത്തെ ജോലികൾ കഴിഞ്ഞാൽ അജിൻ ഓൺലൈ‍ൻ ക്ലാസിലേക്കു കയറും.

ഇടവേളകളിൽ ഇറച്ചിക്കോഴികളുടെയും ഏതാനും മുട്ടക്കോഴിയുടെയും പരിപാലനം. ഹോർമോൺ നൽകാതെയാണ് ഇറച്ചിക്കോഴികളെ പരിപാലിക്കുന്നത്. ഒഴിവുസമയങ്ങളിൽ കൃഷിയിലും സജീവമാകും. രാസവളം ഇടാതെയാണു കൃഷി.

വീട്ടിലെ ചാണകവും കോഴിയുടെ കാഷ്ഠവുമാണു വിളകൾക്കു വളമായി ഉപയോഗിക്കുന്നത്. വീടിനു ചുറ്റും റബർത്തോട്ടമായതിനാൽ അടുത്ത സീസണിൽ ഗ്രോബാഗിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനു വിത്തും ഗ്രോബാഗും ഉൾപ്പെടെ അജിൻ സംഘടിപ്പിച്ചുകഴിഞ്ഞു.

എംജിഎം സ്കൂൾ ഹെഡ്മിസ്ട്രസ് ജയ ജേക്കബ്, ക്ലാസ് അധ്യാപിക ഉഷ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അജിന്റെ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ജോസ് വർഗീസ്– അനു ദമ്പതികളുടെ മകനാണ് അജിൻ. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അജിന്റെ അധ്വാനത്തിൽ നിന്നു ലഭിച്ച വരുമാനവും കുടുംബത്തിന് ആശ്വാസമായി.