അടിമാലി:
നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനിരിക്കെ പ്രധാന അധ്യാപകരില്ലാതെ അടിമാലി-മൂന്നാർ ഉപജില്ലയിലെ 30 സ്കൂളുകൾ. 38 സ്കൂളുകളുള്ള അടിമാലി ഉപജില്ലയില്‍ 19 സ്കൂളുകളിലും 50 സ്കൂളുകളുള്ള മൂന്നാര്‍ ഉപജില്ലയില്‍ 11 സ്കൂളുകളിലുമാണ് പ്രധാന അധ്യാപകരില്ലാത്തത്.
ഇതോടെ അധ്യാപകരുടെ വേതനവും സ്കൂള്‍ പ്രവര്‍ത്തനവും ഇതരവിഷയങ്ങളും നിര്‍വഹിക്കേണ്ട ചുമതല കൂടി ഉപജില്ല വിദ്യാഭ്യസ വകുപ്പ് ചുമലിലായി. എയ്ഡഡ് സ്കൂളുകളിലാണ് കൂടുതലും പ്രധാന അധ്യാപക ക്ഷാമം.
ഓണ്‍ലൈന്‍ ക്ലാസുകള്കൂടാതെ നിത്യേന കുട്ടികളുമായി ബന്ധപ്പെട്ടതടക്കം ജോലി സമയബന്ധിതമായി ചെയ്തുതീർക്കാൻ വകുപ്പ് ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ആദിവാസി പിന്നാക്ക മേഖലയിലെ ഏകാധ്യാപക സ്കൂളുകളിലെ പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്താൽ ഈ രണ്ട് ഉപജില്ലകളിലും കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള രണ്ട് ബ്ലോക്കുകളാണ് അടിമാലിയും ദേവികുളവും. കൂടാതെ തോട്ടം-കര്‍ഷക തൊഴിലാളികളുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.
രണ്ടുവര്‍ഷമായി പ്രധാനാധ്യപക തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല. മാനേജ്മെൻറ് സ്കൂളുകളില്‍ പ്രധാനാധ്യാപക നിയമനം സംബന്ധിച്ച് ഹൈകോടതിയിലും മറ്റും കേസുകളുണ്ട്. സ്കൂള്‍ പ്രവേശനം, അരി, കിറ്റ് വിതരണങ്ങള്‍, എസ്സി , ഒ ഇ സി ആനുകുല്യം, യൂനിഫോം, പാഠപുസ്തകം, ശമ്പളം, കണക്കുകള്‍ തുടങ്ങി ഏറെക്കാര്യങ്ങളുടെ മേൽനോട്ടം പ്രഥാന അധ്യാപകനാണ്. ഇനി സ്കൂള്‍ തുറക്കുന്നതിനുമുമ്പുള്ള മുന്നൊരുക്കങ്ങളടക്കം ഇവരുടെ അഭാവത്തിൽ താളംതെറ്റും.