Mon. Dec 23rd, 2024
കുളത്തൂപ്പുഴ:

ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല, ശുചിത്വ പദ്ധതികൾക്കായി 2004–2007 വർഷം 5 കോടി പാഴാക്കിയ ജലനിധി പദ്ധതി നവീകരണ പദ്ധതിയായി വീണ്ടും നടപ്പാക്കാൻ ശ്രമം. മഴവെള്ള സംഭരണികളും ശുദ്ധജല, ശുചിത്വ പദ്ധതികളും തുടങ്ങി പെരുവഴിയിലായ ജലനിധിയുടെ, രണ്ടാം ഘട്ടത്തിനായി 10 കോടി ചെലവഴിക്കാനാണു നീക്കം. ഇതിനായി ഗ്രാമപ്പഞ്ചായത്തിലെ വാർഡ്തലങ്ങളിൽ ജലനിധിയുടെ ഏജൻസി സർവേ തുടങ്ങി.

പെരുവഴിയിലായ പദ്ധതികളുടെ പുനരുജ്ജീവനമാണു നവീകരണ പദ്ധതിയിൽ. ജലജീവൻ പദ്ധതി അടക്കം ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികൾ പ്രവർത്തനം തുടുരുമ്പോഴാണു ജലനിധിയുടെ നവീകരണ പദ്ധതി സർവേ. നിലവിലെ ശുദ്ധജല പദ്ധതികൾ നടപ്പാക്കുമ്പോൾ ജലനിധിയുടെ നവീകരണം അധികബാധ്യതയാകുമെന്ന് വിമർശനമുയർന്നു.

2004ൽ 20 വാർഡുകളിൽ 150ൽപ്പരം മഴവെള്ള സംഭരണികൾ പണിതു നൽകിയതിൽ ഉപയോഗപ്രദമായത് ഒന്നു പോലുമില്ല. നിർമാണത്തിലെ തകരാറിനെത്തുടർന്ന് തുടർന്ന് എല്ലാം നശിച്ചു. അശാസ്ത്രീയമായ ഉപയോഗം തകർച്ചയ്ക്ക് ആക്കംകൂട്ടി.

ഗുണഭോക്താക്കൾ നൽകിയ കോടികളുടെ വിഹിതവും നഷ്ടക്കണക്കായി. ജല അതോറിറ്റിയിൽ നിന്നു ഗ്രാമപ്പഞ്ചായത്ത് മുഖേന ഏറ്റെടുത്തു ഗുണഭോക്തൃ സമിതികൾ രൂപീകരിച്ചു നടപ്പാക്കേണ്ട വടക്കെചെറുകര, കടമാൻകോട് പദ്ധതികളും പെരുവഴിയിലായി. ജല അതോറിറ്റിയും പഞ്ചായത്തും ജലനിധിയും തമ്മിലുള്ള കരാറിലെ ഉടക്കിനെ തുടർന്നാണ് നന്നായി പ്രവർത്തിച്ചിരുന്ന പദ്ധതികൾ പണിമുടക്കിയത്.

ജല അതോറിറ്റി സൗജന്യമായി നൽകിയ ശുദ്ധജലത്തിനു ലീറ്റർ കണക്കാക്കി മാസവാടക നൽകണമെന്ന വ്യവസ്ഥയാണു പൊല്ലാപ്പായത്. 6 ചെറുകിട ശുദ്ധജല പദ്ധതികൾ തട്ടിയും മുട്ടിയും ഒ‌ാടുന്നു എന്നു മാത്രം. കുളത്തൂപ്പുഴ പട്ടണത്തി‍ൽ ശുചിത്വ പദ്ധതിയായി നടപ്പാക്കിയ ഓടയിൽ, നിർമാണത്തകരാറ് കാരണം ഇപ്പോഴും മലിനജലം കെട്ടിനിൽക്കുകയാണ്.

ജലനിധി പണിത നൂറുകണക്കിനു ശുചിമുറികളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഉത്തരവാദിത്തമേൽക്കാനും ആളില്ല. നവീകരണമെന്ന പേരിലുള്ള പുതിയ പദ്ധതി സർവേ തുടരുമ്പോൾ നടപ്പാക്കിയ 5 കോടിയുടെ കണക്കെടുപ്പു നടത്തിയാൽ ഓട്ടക്കണക്കാകും.