Sat. Nov 23rd, 2024

തൃശൂർ:

ബഹുവർണച്ചേലിനൊപ്പം സംഗീതത്തിനനുസരിച്ച്‌   ജലകണങ്ങൾ നൃത്തം ചെയ്യും. തൃശൂർ നെഹ്റുപാർക്കിൽ   നിർമാണം പൂർത്തീകരിച്ച മ്യൂസിക്‌ ഫൗണ്ടൻ  ഉദ്‌ഘാടനം ശനിയാഴ്‌ച.  അമൃത്‌ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച്‌ 26  കോടിയുടെ വിവിധപദ്ധതികളും തദ്ദേശ വകുപ്പു മന്ത്രി  എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ മേയർ എം  കെ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾക്കുള്ള പുതിയ റൈഡുകൾ, ആധുനിക കളിപ്പാട്ടങ്ങൾ, സൈക്കിൾ ട്രാക്ക്‌, ജോഗിങ് ട്രാക്ക്‌ എന്നിവയും  പാർക്കിൽ പൂർത്തീകരിച്ചു. നടപ്പാതകളെല്ലാം ടൈൽവിരിച്ചു.  ഉദ്യാനം വിളക്കുകൾ സ്ഥാപിക്കൽ, വാട്ടർ കൂളറുകൾ തുടങ്ങി   2.66 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.

ഉദ്‌ഘാടനം കഴിഞ്ഞാലും സർക്കാർ അനുമതിക്ക്‌ വിധേയമായി മാത്രമേ പാർക്ക്‌ തുറക്കുകയുള്ളൂ. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്‌ 22.31 കോടി രൂപ ചെലവിൽ ഒരുക്കിയ ജല സോണിങ്ങ്‌ ആൻഡ്‌ മാപ്പിങ് വിതരണ ശൃംഖലയുടെ ശാക്തീകരണം, മുണ്ടൂപ്പാലം മുതൽ അവന്യൂ റോഡിലെ  കാന  ഉൾപ്പടെയുള്ള  വിവിധ പ്രവൃത്തികളുടെ ഉദ്‌ഘാടനവും ശനിയാഴ്‌ച നടക്കും.

രാവിലെ പത്തിന്‌ കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ ചേരുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ ശിലാഫലകം  അനാച്ഛാദനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ  പി കെ ഷാജൻ, വർഗീസ്‌ കണ്ടംകുളത്തി, സാറാമ്മ റോബ്‌സൻ, ഷീബ ബാബു, കരോളിൻ പെരിഞ്ചേരി എന്നിവർ പങ്കെടുത്തു.