Sat. Nov 23rd, 2024

പുന്നയൂർക്കുളം ∙

നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അലിക്കു വഴിയിൽ നിന്നൊരു കുളിക്കുഞ്ഞിനെ കിട്ടി. ഉടുപ്പിന്റെ പോക്കറ്റിലാക്കി നെഞ്ചോടു ചേർത്തു വീട്ടിലേക്കു കൊണ്ടുവന്ന കിളിക്കുഞ്ഞ് പിന്നീട് അലിയുടെ ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോയില്ല. ഗൾഫിലെ പ്രവാസ ജീവിതകാലത്തു പോലും പക്ഷിസ്നേഹം വെടിയാൻ കൂട്ടാക്കാതിരുന്ന അലി ഇതാ ചമ്മന്നൂരിലെ വീട്ടിൽ ഓമനിച്ചു വളർത്തുന്നത് നൂറിലേറെ പക്ഷികളെ.

വിൽക്കാൻ വേണ്ടിയല്ല, സ്നേഹിക്കാൻ വേണ്ടി വളർത്തുന്നവയാണിവ. ഒരു പക്ഷിവളർത്തൽ കേന്ദ്രത്തിലെത്തിയ പ്രതീതിയാണ് പഷ്ണത്തുകായിൽ എന്ന വീട്ട‍ുവളപ്പിലെത്തിയാൽ. അലിയും ഭാര്യ റംലയും സ്വന്തം മക്കളെപ്പോലെയാണിവയെ വളർത്തുന്നത്.

21 വർഷം മുൻപു പ്രവാസ ജീവിതം അവസാനിപ്പിച്ച് അലി നാട്ടിലേക്കു മടങ്ങുമ്പോൾ കോക്കറ്റു എന്ന പേരിൽ അവിടെ വളർത്തിയിരുന്ന തത്തയെയും കൂട്ടിലാക്കി വിമാനത്തിൽ ഒപ്പം കൂട്ടിയിരുന്നു. പിന്നെ ഫിഞ്ചസ് എന്ന കുഞ്ഞൻകിളി മുതൽ കൂറ്റൻ പക്ഷികളായ എമുവിനെയും ഒട്ടകപ്പക്ഷിയെയും വരെ വാങ്ങി. ലക്ഷങ്ങൾ ചെലവാക്കി 10,000 ചതുരശ്രയടി വലുപ്പത്തിൽ കൂറ്റൻ കൂടും ഒരുക്കി.

അലിയും റംലയും വീടിനു പുറത്തിറങ്ങിയാൽ കൂട്ടിൽ നിന്ന് ‘മോനേ’ എന്നൊരാൾ നീട്ടിവിളിക്കുന്നതു കേൾക്കാം. സൺ കൊനൂർ എന്ന തത്തയാണത്. ലോറി, മക്കാവു, ആഫ്രിക്കൻ ഗ്രേ പാരറ്റ് തുടങ്ങി വലിയ വിലയളുള്ള പക്ഷികളാണ് അലിയുടെ കൂടു നിറയെ.

റ‍ീനു, പൊന്നു, മീട്ടു, ചിന്നു എന്നിങ്ങനെയ‍ാണു പേരുകൾ. പേരുചൊല്ലി വിളിച്ചാലുടൻ ദേഹത്തു പറന്നുകയറും. വിൽപനയ്ക്കായല്ല ഇവയെ വളർത്തുന്നത് എങ്കിലും ഒട്ടകപ്പക്ഷികളെ വിൽക്കേണ്ടി വന്നു. കാരണം നിസ്സാരം, വലുപ്പക്കൂടുതലും ഉപദ്രവ വാസനയും കാരണം മറ്റു പക്ഷികൾക്കെല്ലാം ഇവ ശല്യമായി!