Wed. Nov 6th, 2024

കോഴിക്കോട്:

വിലങ്ങാട്ടെ ജനവാസ കേന്ദ്രത്തില്‍ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാനോത്ത് കുരിശ് പളളിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ കാല്‍പാടുകള്‍ കണ്ടത്. പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലത്ത് അടുത്തിടെ വന്യമ്യഗത്തിന്‍റെ കടിയേറ്റ് വളര്‍ത്ത നായ ചത്തിരുന്നു.

വ്യാഴാഴ്ച രാവിലെ വലിയ പാനോത്ത് കുരിശ് പളളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയവരാണ് വന്യമ്യഗത്തിന്‍റെ കാല്‍പ്പാട് ശ്രദ്ധിച്ചത്.കടുവയുടേതാണെന്ന സംശയത്തിലായിരുന്നു തുടക്കത്തില്‍ വനം വകുപ്പ്. പിന്നീട് എസ്എഫ്ഒ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി കാല്‍പാദത്തിന്‍റെ പ്രിന്‍റ് ശേഖരിച്ച്പരിശോധന നടത്തിയപ്പോഴാണ് പുള്ളിപ്പുലിയുടേതാണെന്ന് വ്യക്തമായത്.

കടുവകളുടെ സാന്നിദ്ധ്യമുള്ള വയനാടന്‍ കാടുകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് വലിയ പാനോത്ത്. നിരവധി തീർത്ഥാടകരെത്തുന്ന കുരിശ് പള്ളിക്ക് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍.