Sat. Jan 18th, 2025

മണ്ണാർക്കാട് ∙

കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയായ കുമരംപുത്തൂർ പഞ്ചായത്തിലെ തരിശു ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. കുന്തിപ്പുഴ ഗതിമാറി ഒഴുകുന്നതിനാൽ തരിശു ഭാഗത്തു വൻ നാശമാണു കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിട്ടുള്ളത്.

ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങൾ പുഴയെടുത്തു. തെങ്ങു , വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളും സ്ഥലങ്ങളും പുഴയുടെ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. വീടുകൾക്കും പുഴയുടെ ഗതിമാറ്റം ഭീഷണിയാണ്. തരിശിന്റെ മറുഭാഗത്തു പുഴയ്ക്കു സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്.

ഇത്തരത്തിൽ തരിശ് ഭാഗത്തും സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്ന് എംഎൽഎ പറഞ്ഞു. രണ്ടു മാസം മുൻപു കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു തരിശു ഭാഗത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 2018ലെ പ്രളയത്തിൽ വലിയ തോതിൽ വെള്ളം കയറി നാശം ഉണ്ടായതാണ്.

അന്നു തുടങ്ങിയതാണു പ്രദേശത്തു സംരക്ഷണ ഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ മുറവിളി. പഞ്ചായത്തംഗം വിജയലക്ഷ്മി, അബുട്ടി വാരിയങ്ങാട്ടിൽ, ഇല്ല്യാസ്, നൗഷാദ് വെള്ളപ്പാടം, കെ. ജാഫർ, പി. മയമി, കെ. കുട്ടൻ തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.