Wed. Nov 6th, 2024

കായംകുളം:

സാധുപുരം ജ്വല്ലറിയുടെ ഭിത്തിതുരന്ന് 10 കിലോ വെള്ളി, സ്വര്‍ണാഭരണങ്ങള്‍ മോഷ്‍ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് കടലൂർ കാടാമ്പലിയൂർ സ്വദേശി കണ്ണൻ (46), കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ നൗഷാദ്(ആടുകിളി, 45) എന്നിവരാണ് അറസ്‍റ്റിലായത്. 10ന് രാത്രിയായിരുന്നു മോഷണം.

കായംകുളം എസ്എച്ച്ഒ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിൽ എസ്‍സിപിഒമാരായ ബിനുമോൻ, ലിമു മാത്യു, സിപിഒ നിഷാദ്, ബിജുരാജ് എന്നിവർ കടലൂരുള്ള ഗ്രാമത്തിലെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കണ്ണൻ നിരവധി മോഷണ, കൊലപാതകക്കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചു.

പരോളിൽ ഇറങ്ങിയശേഷമാണ്  മോഷണം നടത്തിയത്.മോഷണക്കേസുകളില്‍ പ്രതിയായ നൗഷാദ് ജയിലില്‍വച്ചാണ് കണ്ണനുമായി പരിചയപ്പെട്ടതും മോഷണത്തിന് പദ്ധതിയിട്ടതും.

കായംകുളം ഡിവൈഎസ്‍പി അലക്‍സ് ബേബിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ്‌ ഷാഫി, കരീലകുളങ്ങര സിഐ സുധിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എറണാകുളം മുതൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നെടുമങ്ങാട്, തെന്മല, ആര്യൻകാവ്, വരെയുള്ള 200ഓളം സിസിടിവികൾ പരിശോധിച്ചാണ് പ്രതികളുടെ സഞ്ചാരപാത മനസിലാക്കിയത്.