പത്തനംതിട്ട:
പൊതു വിജ്ഞാനത്തിലെ അസാധാരണ കഴിവുമായി നാല് വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തെറ്റാതെ പറഞ്ഞാണ് വള്ളിക്കോട് കോട്ടയം കൊലപ്പാറ പുഷ്പമംഗലത്ത് പി ആർ ജിജിഷിൻ്റെയും അഞ്ജുവിൻ്റെയും ഇളയ മകളായ നവമി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂത്തസഹോദരി നിവേദ്യ പഠിക്കുന്നതും അമ്മ പഠിപ്പിക്കുന്നതും കേട്ട് പഠിച്ചതാണ് ഈ അറിവുകൾ. അഞ്ചാം ക്ലാസിൽ കോന്നിയിലെ സ്കൂളിൽ പഠിക്കുന്ന ചേച്ചി നിവേദ്യക്ക് നാലുമാസം മുമ്പ് ഓൺലൈൻ ക്ലാസിൻ്റെ ഭാഗമായി കോവിഡിനെക്കുറിച്ച് പ്രസംഗ മത്സരം നടന്നിരുന്നു. ഇതിനുവേണ്ടി അമ്മ നടത്തിയ പരിശീലനം കേട്ട് നവമി വളരെ പെട്ടെന്ന് പ്രസംഗം തുടങ്ങിയതോടെയാണ് കഴിവ് മനസ്സിലാക്കുന്നത്.
തുടർന്ന് കുഞ്ഞിന് പഠിക്കാൻ കഴിയുന്ന ചെറിയ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയിപ്പിക്കുകയുമായിരുന്നു. കേരളത്തിലെ നദികൾ, ജില്ലകൾ, മുഖ്യമന്ത്രിമാർ, പ്രധാന ദിവസങ്ങൾ തുടങ്ങി എന്ത് ചോദിച്ചാലും ഉത്തരം റെഡിയാണ്. കുട്ടിയുടെ കഴിവിനെ കുറിച്ച് കൂട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ്റെക്കോഡ്സിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് കഴിവുകൾ വിഡിയോ ചെയ്ത് അയച്ചുകൊടുത്തു.
തുടർന്ന് ഇന്ത്യ റെക്കോഡ്സ് കുഞ്ഞിൻ്റെ കഴിവു പകർത്തുകയും മത്സരത്തിലേക്ക് പരിഗണിക്കുകയുമായിരുന്നു. കഴിഞ്ഞമാസമാണ് ഓൺലൈൻമത്സരം നടന്നത്. പൊതുവിജ്ഞാനത്തെ ആസ്പദമാക്കി 25 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം മുമ്പാണ് അനുമോദന സർട്ടിഫിക്കറ്റും മെഡലും ഐഡൻറിറ്റി കാർഡും അധികൃതർ അയച്ചു നൽകിയത്.
പിതാവ് ജിജിഷ് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മുത്തശ്ശി സുഗന്ധമ്മ രാജൻ പ്രമാടം പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൻ ആണ്. മുത്തച്ഛൻ പി എൻ രാജൻ.